LIFEMovie

വിക്രം നായകനായുള്ള ഗൗതം മേനോന്റെ സ്പൈ ത്രില്ലർ ‘ധ്രുവ നച്ചത്തിരം’ ഒടുവിൽ റിലീസിന്

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രം ‘ധ്രുവ നച്ചത്തിരം’ ഒടുവിൽ റിലീസിന് തയ്യാറാകുന്നു. ‘ധ്രുവനച്ചത്തിര’ത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്ന ജോലികൾ ഹാരിസ് ജയരാജ് തുടങ്ങിയിട്ടുണ്ട്. ഹാരിസ് ജയരാജ് തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്. 2023ൽ സമ്മർ റിലീസായി വിക്രം ചിത്രം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിക്രം നായകനായി ‘ധ്രുവ നച്ചത്തിരം’ എന്ന ചിത്രം 2016ൽ ചിത്രീകരണം ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രത്തിന്റെ ചിത്രീകരണം നിർത്തിവെച്ചു. ഇപ്പോൾ എന്തായാലും ഏഴ് രാജ്യങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. ഒരു സ്പൈ ത്രില്ലർ ഗണത്തിലുള്ള ചിത്രമാണ് ഇത്.

Signature-ad

ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്‍ണൻ, വംശി കൃഷ്‍ണ, സലിം ബെയ്‍ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിര ചിത്രത്തിലുണ്ട്. വിക്രം ഒരു സീക്രട്ട് ഏജന്റായിട്ടാണ് ചിത്രത്തിൽ വേഷമിടുന്നത്. ‘ജോൺ എന്നാണ്’ കഥാപാത്രത്തിന്റെ പേര്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം. പാ രഞ്‍ജിത്തിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രമായ ‘തങ്കലാനും’ ദ്രുതഗതിയിൽ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.

ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം ‘തങ്കലാന്റെ’ കലാ സംവിധാനം നിർവഹിക്കുന്നത് എസ് എസ് മൂർത്തിയാണ്. മലയാളികളായ പാർവതിയും മാളവിക മോഹനനും ചിത്രത്തിൽ പ്രധാന സ്‍ത്രീ കഥാപാത്രങ്ങളാകുന്നു. ജി വി പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്. കെ ഇ ജ്ഞാനവേൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ പശ്ചാത്തലം കർണാടകത്തിലെ കോളാർ ഗോൾഡ് ഫീൽഡ്‍സ് ആണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാർ ഗോൾഡ് ഫീൽഡ്‍സിൽ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് ‘തങ്കലാൻ’ എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

Back to top button
error: