മറയൂര്‍: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നിരുന്ന, രാജ്യത്തെ ഏറ്റവും വലിയ ചന്ദന മരം കള്ളന്‍മാരെ ഭയന്ന് വനം വകുപ്പ് വെട്ടിമാറ്റി. സ്ഥലമുടമ സോമന്റെ ആവശ്യപ്രകാരമാണ് 150 വര്‍ഷം പഴക്കമുള്ള 1.5 കോടിയോളം വിലമതിക്കുന്ന മരം ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ വെട്ടിമാറ്റിയത്. കള്ളന്‍മാര്‍ നിരന്തരം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനെ തുടര്‍ന്ന് സോമന്‍ 2021ല്‍ മറയൂര്‍ ഡി.എഫ്.ഒയ്ക്ക് ഇതു സംബന്ധിച്ച് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പട്ടയഭൂമിയായതിനാല്‍ അപേക്ഷ ദേവികുളം സബ് കളക്ടര്‍ക്ക് കൈമാറി. പിന്നീട് അപേക്ഷയില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല.
ഇത് കൂടാതെ സോമന്റെ പുരയിടത്തില്‍ 15ലേറെ ചന്ദന മരങ്ങള്‍ ഉണ്ടായിരുന്നു. മൂന്ന് മരങ്ങള്‍ വലുതുമായിരുന്നു. എന്നാല്‍ രണ്ടെണ്ണം പലഘട്ടങ്ങളിലായി കള്ളന്മാര്‍ കടത്തി കൊണ്ട് പോയി. അവശേഷിച്ച ചന്ദനമരമാണ് കള്ളന്മാരുടെ ശല്യം കാരണം വെട്ടി മാറ്റിയത്. മോഷ്ടാക്കള്‍ ഒരു തവണ സോമനെയും കുടുംബത്തെയും കെട്ടിയിട്ടും മോഷണം നടത്തിയിരുന്നു. വെട്ടിമാറ്റിയ ചന്ദന മരം ഡിപ്പോയിലെത്തിച്ച് ചെത്തി മിനുക്കി ലേലത്തില്‍ വെക്കാനാണ് തീരുമാനം.