LocalNEWS

സി.എസ്. ഐ. പർക്കാൽ മിഷൻ ശതാബ്ദി ആഘോഷ ഉദ്ഘാടനം 25ന്

കോട്ടയം: സി.എസ്.ഐ. മദ്ധ്യകേരള മഹായിടവകയുടെ ബാഹ്യകേരള മിഷൻ പ്രവർത്തനമായ പർക്കാൽ മിഷന്റെ ശതാബ്ദി ആഘോഷ ഉദ്ഘാടനം 25ന് മൂന്ന് മണിക്ക് കോട്ടയം സി.എസ്.ഐ. റിട്രീറ്റ് സെന്ററിൽ മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും. ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷത വഹിക്കും. മാർത്തോമ്മാ സഭ കോട്ടയം കൊച്ചി ഭദ്രാസന ബിഷപ്പ് ഡോ. എബ്രഹാം മാർ പൗലോസ് മുഖ്യ പ്രഭാഷണം നടത്തും. രാവിലെ ഒമ്പതിന് മഹായിടവകയുടെ 19 മിഷൻ ഫീൽഡുകളുടെ നേതൃത്വത്തിൽ വിവിധ ഭാഷകളിലുള്ള സാംസ്കാരിക പരിപാടി നടക്കും. 24ന് ആരംഭിക്കുന്ന മിഷൻ ഫെസ്റ്റിനോട് അനുബന്ധിച്ച് വെള്ളിയാഴ്ച രണ്ടു മണിക്ക് മിഷൻ എക്സിബിഷനും വൈകിട്ട് അഞ്ചിന് മിഷനറി സമ്മേളനവും കുടുംബസംഗമവും നടക്കും. മദ്ധ്യകേരള മഹായിടവകയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ വിവിധ മിഷൻ ഫീൽഡുകളിലുള്ള വിദ്യാഭ്യാസ സ്ഥാപനകളിലും ആതുരാലയങ്ങളിലും പ്രവർത്തിക്കുന്ന മിഷനറിമാരും സുവിശേഷകരും മിഷനറി ഫെസ്റ്റിന് നേതൃത്വം നൽകും.

1924ലാണ് പർക്കാൽ മിഷൻ ആരംഭിച്ചത്. ഹൈദരാബാദ് നൈസാമിന്റെ അധികാര പരിധിയിൽപ്പെട്ട പ്രദേശത്താണ് പ്രാരംഭത്തിൽ ട്രാവൻകൂർ മിഷൻ എന്നറിയപ്പെട്ടിരുന്ന പർക്കാൻ മിഷൻ തുടങ്ങിയത്. ഡോർണക്കൽ മഹായിടവകയിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള ഒരു ഭൂപ്രദേശമായിരുന്നു അത്. ഇപ്പോൾ പർക്കാൽ മിഷൻ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലം സി.എസ്.ഐ. കരിംനഗർ മഹായിടവകയുടെ ഭാഗമാണ്. ചർച്ച് മിഷനറി സൊസൈറ്റി മദ്ധ്യകേരളത്തിൽ സുവിശേഷ പ്രവർത്തനങ്ങൾ ആരംഭിച്ചതിന്റെ ശതാബ്ദി 1916ൽ ആഘോഷിച്ചതിന്റെ ഭാഗമായാണ് പർക്കാൽ മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

Signature-ad

1924 ഫെബ്രുവരി ഇരുപത്തിരണ്ടാം തീയതി മഹായിടവകയിൽ നിന്ന് രണ്ട് അൽമ്മായ മിഷനറിമാർ തെലുങ്കുദേശത്ത് എത്തി. കെ. ഇ. ഈപ്പൻ, എ. ജെ. തോമസ് എന്നിവരായിരുന്നു ആദ്യ മിഷനറിമാർ ഡോർക്കലില്ലെത്തിയ അവർ തദ്ദേശഭാഷാപഠനം നടത്തിയ ശേഷമാണ് അക്കാലത്ത് പ്രവർത്തനങ്ങൾ ആരംഭിച്ചത്. വാറംഗൽ ജില്ലയിലെ കാട്ടപ്പള്ളിയിലാണ് ആദ്യ മിഷനറിമാർ താമസിച്ചിരുന്നത്. സാമൂഹിക പിന്നോക്കാവസ്ഥയിലായിരുന്ന 150ൽ അധികം ഗ്രാമങ്ങളിൽ നവോത്ഥാനപ്രവർത്തനങ്ങൾക്ക് അവർ തുടക്കം കുറിച്ചു. പർക്കാൽ, ചിറ്റ്യാൽ, മുളുഗ് എന്നീ താലൂക്കുകളിൽ പിന്നോക്കാവസ്ഥയിൽ കഴിഞ്ഞിരുന്ന ജനസമൂഹത്തെ വെളിച്ചത്തിന്റെ പാതയിലേക്ക് നയിക്കുവാൻ മിഷൻ പ്രവർത്തനങ്ങൾക്ക് സാധിച്ചു.

ആതുരശുശ്രൂഷാരംഗത്ത് പ്രവർത്തിക്കുന്ന ക്ലിനിക്കുകളും മൂന്നു ഹൈസ്കൂളുകളും ഹോസ്റ്റലുകളും ക്രഷുകളും പ്രൈമറി സ്കൂളുകളും ഉൾപ്പെടെയുള്ള സ്ഥാപനകൾ ഇപ്പോൾ പ്രവർത്തിച്ചുവരുന്നു. ബഥേൽ ആശ്രമശാഖയുടെ ചുമതലയിൽ രണ്ട് അനാഥമന്ദിരങ്ങളും വിദ്യാഭ്യാസ സ്ഥാപനകളും ക്ലിനിക്കുകളും നടത്തിവരുന്നു. സമസ്തമേഖലകളിലും പിന്നോക്കാവസ്ഥയായിരുന്ന ഒരു പ്രദേശത്തെ സുവിശേഷ പ്രവർത്തനത്തിലൂടെ സാമൂഹിക ആത്മീക വിദ്യാഭ്യാസമേഖലകളിൽ ഉന്നതശ്രേണിയിലേക്ക് നയിക്കാൻ പർക്കാൻ മിഷൻ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പദ്ധതികൾ മഹായിടവകയുടെ നേതൃത്വത്തിൽ മിഷൻ ഫീൽഡുകളിലെ സാമൂഹ്യ സേവന ആതുര ശുശ്രൂഷ വിദ്യാഭ്യാസരംഗങ്ങളിൽനടപ്പാക്കും. പത്രസമ്മേളനത്തിൽ റവ. നെൽസൺ ചാക്കോ, റവ. ഡോ. ഷാജൻ എ. ഇടിക്കുള, റവ. ജേക്കബ് ദാനിയേൽ, ജേക്കബ് ഫിലിപ്പ് എന്നിവർ പങ്കെടുത്തു.

Back to top button
error: