ആക്ഷൻ ഹീറോ ജയൻ അഭിനയിച്ച അവസാന ചിത്രങ്ങളിലൊന്ന്, ശ്രീകുമാരൻ തമ്പിയുടെ ‘ആക്രമണം’ തീയേറ്ററുകളിലെത്തിയിട്ട് ഇന്ന് 42 വർഷം
സിനിമ ഓർമ്മ
ശ്രീകുമാരൻ തമ്പി രചനയും, സംവിധാനവും നിർവ്വഹിച്ച ‘ആക്രമണം’ തീയേറ്ററുകളിലെത്തിയിട്ട് ഇന്ന് 42 വർഷം. ഭവാനി രാജേശ്വരി ആർട്സിൻ്റെ ബാനറിൽ തമ്പി തന്നെ നിർമിച്ച ഈ ചിത്രത്തിന് ഗാനങ്ങൾ രചിച്ചതും അദ്ദേഹമാണ്. ജയൻ, മധു, ജയഭാരതി, ശ്രീവിദ്യ എന്നിവർക്കൊപ്പം വില്ലൻ വേഷത്തിൽ ഗായകൻ ജോളി ഏബ്രഹാമും ഈ ചിത്രത്തിൽ അഭിനയിച്ചു.
രാഷ്ട്രീയ ശക്തികളുടെ അന്യായ ഇടപെടലുകളിൽ മനം മടുത്ത് ജോലി രാജി വച്ച് അവരോട് പോരാടുന്ന എ.എസ്.പി അരവിന്ദാക്ഷൻ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ (ജയൻ) കഥയായിരുന്നു തമ്പിയുടെ മനസ്സിൽ. കുറച്ച് സീനുകൾ ചിത്രീകരിച്ചതിനു ശേഷം ജയൻ മരണപ്പെട്ടു. പിന്നെ കഥ മാറ്റിയെഴുതി. ജയന് ശബ്ദം കൊടുത്തത് ആലപ്പി അഷ്റഫ്.
സംരക്ഷണം നൽകിയ മുതലാളിയുടെ മകൾ ഡോക്ടർ ഗ്രേസിയെ (ശ്രീവിദ്യ) പ്രണയിച്ച കുറ്റത്തിന് പുറത്താക്കപ്പെട്ട വർഗീസ് എന്ന യുവാവ് (മധു) ലോറി ഡ്രൈവറായി ജോലി ചെയ്യുന്നു. കൂടെ സഹോദരിയുമുണ്ട്. പുതിയ മുതലാളിയുടെ മകൻ (ജോളി ഏബ്രഹാം) സഹോദരിയെ പ്രണയിച്ച് വഞ്ചിച്ചപ്പോൾ അവൾ ആത്മഹത്യ ചെയ്തു. സഹോദരൻ വില്ലനെ മർദ്ദിച്ചതിനാൽ പോലീസ് അറസ്റ്റ് ചെയ്തു. കേസ് അന്വേഷിക്കുന്ന എ.എസ്.പി അരവിന്ദാക്ഷൻ മുതലാളിയുടെ മകളുമായുള്ള വിവാഹാലോചനയിൽ നിന്ന് പിന്മാറുന്നു. പ്രതികാരമായി മുതലാളി പോലീസ് ഉദ്യോഗസ്ഥനെ ഒരു പെണ്ണ് കേസിൽ കുടുക്കി. ശാന്തി എന്ന ആ യുവതിയെ (ജയഭാരതി) പോലീസ് ഉദ്യോഗസ്ഥൻ ഭാര്യയാക്കുന്നു. മുതലാളിയുടെ കിങ്കരന്മാർ പോലീസ് ഉദ്യോഗസ്ഥനെ കൊല്ലുന്നു. ഒടുവിൽ പക മനസ്സിൽ കൊണ്ട് നടന്നിരുന്ന പഴയ ലോറി ഡ്രൈവർ മുതലാളിയുടെ മകനെ കൊല്ലുന്നു.
ശ്യാം സംഗീതം നൽകിയ ഗാനങ്ങളിൽ ‘പീതാംബരധാരിയിതാ വരവായി’ (എസ് ജാനകി) എന്ന ഗാനരംഗത്തിൽ ജയഭാരതിയുടെ മോഹിനിയാട്ടം ചിത്രീകരിച്ചു. ക്രിസ്തുമസ്, ഈദ് പശ്ചാത്തലത്തിലുള്ള ഗാനങ്ങളും ഉണ്ടായിരുന്നു ചിത്രത്തിൽ.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ