CrimeNEWS

ബഹ്റൈനില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നിൽ കൊള്ളപ്പലിശക്കാരെന്ന് ശബ്ദരേഖ; പരാതിയുമായി ഭാര്യ

മനാമ: ബഹ്റൈനില്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്ത മലയാളി യുവാവ് കൊള്ളപ്പലിശക്കാരുടെ കെണിയില്‍ അകപ്പെട്ടിരുന്നുവെന്ന് വ്യക്തമാവുന്ന ശബ്ദരേഖകള്‍ ലഭിച്ചതായി കുടുംബം. ഭര്‍ത്താവിന്റെ മരണത്തിന് കാരണക്കാരയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ ഇന്ത്യയിലും ബഹ്റൈനിലും പരാതി നല്‍കി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26ന് ബഹ്റൈനിലെ ഹമലിയിലുള്ള താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മലപ്പുറം പള്ളിക്കല്‍ ചേലപ്പുറത്ത് വീട്ടില്‍ രാജീവന്റെ (40) ഭാര്യ പി.എം സിജിഷയാണ് പരാതി നല്‍കിയത്.

മനാമയിലെ സനദിലുള്ള ഒരു കടയിലാണ് രാജീവന്‍ ജോലി ചെയ്‍തിരുന്നത്. മദീനത്ത് ഹമദില്‍ ജോലി ചെയ്യുന്ന മലപ്പുറം തിരൂര്‍ സ്വദേശിയായ ഒരാളില്‍ നിന്ന് പണം കടം വാങ്ങിയതിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരാതിയില്‍ പറയുന്നു. പലിശക്ക് പണം നല്‍കിയ ആളിനും തന്റെ ബന്ധുവിനും വാട്സ്ആപില്‍ ശബ്‍ദ സന്ദേശം അയച്ച ശേഷമായിരുന്നു രാജീവന്‍ ആത്മഹത്യ ചെയ്‍തത്.

Signature-ad

കൂടുതല്‍ പണം തന്നില്ലെങ്കില്‍ കൊല്ലുമെന്ന് പലിശക്കാരന്‍ ഭീഷണിപ്പെടുത്തിയതായി രാജീവന്റെ ശബ്‍ദ സന്ദേശത്തിലുണ്ട്. എല്ലാം അവസാനിപ്പിക്കാന്‍ ഞാന്‍ വേണ്ടത് ചെയ്‍തോളാമെന്നും തന്റെ മരണത്തിന് നിങ്ങള്‍ മാത്രമായിരിക്കും ഉത്തരവാദിയെന്നും രാജീവന്‍ പലിശക്കാരനോട് പറയുന്നുണ്ട്. “എന്റെ മക്കള്‍ തിന്നേണ്ടുന്ന പൈസ നിങ്ങളെടുത്തു. വാങ്ങിയ പൈസയുടെ എത്രയോ ഇരട്ടി ഞാന്‍ തന്നു. പറഞ്ഞ സ്ഥലങ്ങളിലൊക്കെ പൈസ എത്തിച്ചു. എന്നിട്ട് അവസാനം എന്നെ നിങ്ങള്‍ പറ്റിച്ചു. ഞാന്‍ മരിച്ചാലെങ്കിലും എന്റെ പൈസ നിങ്ങള്‍ എന്റെ കുടുംബത്തിന് നല്‍കണം. അല്ലെങ്കില്‍ നിങ്ങളും നിങ്ങളും മക്കളും അതും തിന്നോളൂ” എന്നിങ്ങനെയാണ് സന്ദേശത്തില്‍ പറയുന്നത്.

എത്ര രൂപയാണ് രാജീവന്‍ പലിശയ്ക്ക് വാങ്ങിയതെന്ന് ബന്ധുക്കള്‍ക്ക അറിയില്ല. എന്നാല്‍ വാങ്ങിയ പൈസയുടെ എത്രയോ ഇരട്ടി പലപ്പോഴായി കൊടുത്തു തീര്‍ത്തിട്ടും വീണ്ടും പണം ചോദിച്ച് പലിശക്കാരന്‍ ഭീഷണിപ്പെടുത്തിയെന്നും ഇതിന്റെ മാനസിക സമ്മര്‍ദത്തില്‍ ആത്മഹത്യ ചെയ്‍തതാണെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്. ഇതിന്റെ തെളിവുകളും പരാതിക്കൊപ്പമുണ്ട്. ഒരു പതിറ്റാണ്ടിലധികം ബഹ്റൈനില്‍ പ്രവാസിയായിരുന്ന രാജീവന്‍ സഹോദരീ ഭര്‍ത്താവിന്റെ കൂടെയാണ് കെട്ടിട നിര്‍മാണ സാമഗ്രികള്‍ വാടകയ്ക്ക് നല്‍കുന്ന സ്ഥാപനത്തില്‍ ജോലി ചെയ്‍തിരുന്നത്.

കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് കൊള്ളപ്പലിശയ്ക്ക് പണം കടം വാങ്ങിയത്. ഈ സമയം പലിശക്കാരന്‍ വെള്ള പേപ്പറില്‍ ഒപ്പിട്ട് വാങ്ങിയിരുന്നെന്നും ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. കൂടെയുള്ള ബന്ധുവിനോട് പോലും രാജീവന്‍ ഇക്കാര്യം പറഞ്ഞില്ല. നാട്ടില്‍ നിന്ന് കടം വാങ്ങിയും അമ്മയുടെ കെട്ടുതാലി പോലും പണയം വെച്ചും എത്രയോ ഇരട്ടി പണം നല്‍കിയിട്ടും വീണ്ടും പലിശക്കാരന്റെ ഭീഷണി തുടര്‍ന്നു.

രാജീവന്‍ മരിച്ചശേഷം നടപടികളുടെ ഭാഗമായി അദ്ദേഹത്തിന്റെ ഫോണും മറ്റ് സാധനങ്ങളും പരിശോധനയ്ക്കായി ബഹ്റൈന്‍ പൊലീസ് കൊണ്ടുപോയിരുന്നു. മൃതദേഹത്തോടൊപ്പം നാട്ടില്‍ പോയിരുന്ന ബന്ധു തിരിച്ചെത്തി ഫോണ്‍ ഏറ്റുവാങ്ങി പരിശോധിച്ചപ്പോഴാണ് ശബ്ദ സന്ദേശങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് പലിശക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

നാലും ഒന്‍പതും വയസുള്ള രണ്ട് മക്കളും 76 വയസുള്ള പിതാവും 67 വയസുള്ള മാതാവും അടങ്ങിയതാണ് രാജീവന്റെ കുടുംബം. തനിക്ക് ജോലി ഇല്ലാത്തതിനാല്‍ കുടുംബത്തിന് ജീവിക്കാന്‍ വഴികളൊന്നുമില്ലാതെ ദുരിതത്തിലാണെന്നും ഭാര്യയുടെ പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, നോര്‍ക്ക സിഇഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്‍തവ തുടങ്ങിയവര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

Back to top button
error: