IndiaNEWS

ഉദ്ധവിന് കനത്ത തിരിച്ചടി: ശിവസേനയുടെ പേരും ചിഹ്നവും ഷിന്‍ഡേ വിഭാഗത്തിന് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മുംബൈ: ശിവസേനയിലെ തര്‍ക്കത്തില്‍ ഉദ്ധവ് പക്ഷത്തിന് കനത്ത തിരിച്ചടി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. ഇനി മുതല്‍ ശിവസേനയെന്ന പേരും ഔദ്യോഗിക ചിഹ്നവും ഷിന്‍ഡേ വിഭാഗത്തിന് ഉപയോഗിക്കാം. ശിവസേനയുടെ നിലവിലെ ഭരണഘടനയ്ക്ക് സാധ്യതയില്ലെന്ന് വിലയിരുത്തിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗിക പേരും ചിഹ്നവും ഷിന്‍ഡേ പക്ഷത്തിന് അനുവദിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ പക്ഷത്തിന്റെ രാഷ്ട്രീയ ഭാവി കൂടി തുലാസ്സിലായിരിക്കുകയാണ്. ഉദ്ധവ് താക്കറെയുടെ പിതാവ് ബാല്‍താക്കറെ സ്ഥാപിച്ച പാര്‍ട്ടിയാണ് ശിവസേന.

ശിവസേനയുടെ പിളര്‍പ്പിന്റെ നാള്‍വഴി

  • 2022 ജൂണ്‍ 20 – ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ശിവസേനാ എംഎല്‍എമാരെ രാത്രിയോടെ കാണാതാവുന്നു
  • 2022 ജൂണ്‍ 21- എംഎല്‍എമാര്‍ മഹാരാഷ്ട്രാ അതിര്‍ത്തികടന്ന് സൂറത്തിലെ റിസോര്‍ട്ടില്‍. ശിവസേനയില്‍ വിമത നീക്കം
  • 2022 ജൂണ്‍ 22- വിമത എംഎല്‍എമാരെ പ്രത്യേക വിമാനങ്ങളില്‍ ഗുവാഹത്തിയിലെത്തിച്ചു
  • 2022 ജൂണ്‍ 23- അനുനയനീക്കങ്ങള്‍ ഫലം കാണുന്നില്ല. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഔദ്യോഗിക വസതി ഒഴിഞ്ഞു
  • 2022 ജൂണ്‍ 24- രാജി വയ്ക്കരുതെന്ന് ഉദ്ദവിന് മേല്‍ ശരദ് പവാറിന്റെ സമ്മര്‍ദ്ദം
  • 2022 ജൂണ്‍ 25- ശിവസേനാ ബാലാസാഹേബ് എന്ന് തന്റെ ഗ്രൂപ്പിന് ഷിന്‍ഡെ പേര് നല്‍കി. ഷിന്‍ഡെ പക്ഷത്തെ 16 എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നടപടി തുടങ്ങി ഡെപ്യൂട്ടി സ്പീക്കര്‍.
  • 2022 ജൂണ്‍ 26- വിമത മന്ത്രിമാരുടെ വകുപ്പുകള്‍ ഉദ്ദവ് താക്കറെ എടുത്തു മാറ്റി.
  • 2022 ജൂണ്‍ 27 – വിമത എംഎല്‍എമാരോട് പാര്‍ട്ടിക്ക് വഴങ്ങാന്‍ അഭ്യര്‍ഥിച്ച് ഉദ്ദവ്താക്കറെ. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ക്ക് മേല്‍ ബിജെപി സമ്മര്‍ദ്ദം
  • 2022 ജൂണ്‍ 28- ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഡല്‍ഹിയില്‍. നേതൃത്വവുമായി ചര്‍ച്ച
  • 2022 ജൂണ്‍ 29 – പിറ്റേന്ന് വിശ്വസ വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ തീരുമാനിച്ചു. ഉദ്ദവ് വിഭാഗം ഗവര്‍ണര്‍ക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല. ഉദ്ദവ് രാത്രി രാജി വച്ചു.
  • 2022 ജൂണ്‍ 30 – ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു. ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രി.

Back to top button
error: