ഈരാറ്റുപേട്ട: കഴിഞ്ഞ പത്ത് വർഷമായി തകർന്നു തരിപ്പണമായ കിടന്ന ഈരാറ്റുപേട്ട-വാഗമൺ റോഡിന് ഒടുവിൽ ശാപമോക്ഷം ! വാഗമണിലേക്കുള്ള പ്രധാന പ്രവേശന പാത ബിഎം ആൻഡ് ബിസി നിലവാരത്തിൽ റീ ടാറിങ്ങിനുള്ള പ്രവർത്തികൾ പുനരാരംഭിച്ചു. പല തവണ പല കാരണങ്ങൾ കൊണ്ട് മുടങ്ങിയ നവീകരണ പ്രവർത്തനങ്ങളാണ് ഒടുവിൽ പുനരാരംഭിച്ചത്.
2016-17ൽ റോഡ് വീതി കൂട്ടി റീടാർ ചെയ്യുന്നതിന് 64 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും തുടർ നടപടിക്രമങ്ങൾ നടത്താതിരുന്നതിനാൽ നിർമാണം നടന്നിരുന്നില്ല. തുടർന്ന് പഴയ തുക നിലനിർത്തിക്കൊണ്ട് തന്നെ നിലവിലുള്ള സ്ഥിതിയിൽ റോഡ് റീടാർ ചെയ്യുന്നതിന് 20 കോടി രൂപ കൂടി അനുവദിക്കുകയായിരുന്നു. ഈ തുക ഉപയോഗിച്ചുള്ള റീ ടാറിങ്ങിന് ആദ്യം ടെൻഡർ ഉറപ്പിച്ച കരാറുകാരൻ പ്രവർത്തി നിശ്ചിത സമയത്ത് നടത്താതിരുന്നതിനെ തുടർന്ന് ആദ്യ കരാറുകാരനെ റിസ്ക് ആ ന്റ് കോസ്റ്റിൽ ടെർമിനേറ്റ് ചെയ്ത് റീടെൻഡർ ചെയ്യുകയായിരുന്നു.
റീ ടെൻഡറിൽ പ്രവർത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏറ്റെടുത്തതിനെ തുടർന്നാണ് റീടാറിങ് പ്രവർത്തികൾ പുനരാരംഭിച്ചത്. തീക്കോയി പഞ്ചായത്തിലെ ഒറ്റയീട്ടി ഭാഗത്ത് ആരംഭിച്ചിരിക്കുന്ന റീ ടാറിങ്ങിന്റെ ഒന്നാം ഘട്ടം ബിഎം ടാറിങ് മാർച്ച് ആദ്യവാരം പൂർത്തീകരിക്കും. തുടർന്ന് ഓടകൾ, സംരക്ഷണഭിത്തികൾ,സൈഡ് കോൺക്രീറ്റിംഗ് തുടങ്ങി അനുബന്ധ പ്രവൃത്തികളും കൂടാതെ രണ്ടാംഘട്ട ബിസി ടാറിങ്ങും ഉൾപ്പെടെ മുഴുവൻ പ്രവർത്തികളും ഏപ്രിൽ മാസത്തോടുകൂടി പൂർത്തീകരിച്ച് റോഡ് പൂർണ്ണമായും ഗതാഗതയോഗ്യമാക്കുമെന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.
റീ ടാറിങ്ങിന്റെ ഭാഗമായി ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരം 9.30 വരെയും വൈകുന്നേരം 3. 30 മുതൽ 5 മണി വരെയും സ്കൂൾ ബസുകളും കെഎസ്ആർടിസി ബസുകളും അനുവദിക്കും. മറ്റു വാഹനങ്ങൾ സമാന്തരപാതകളിലൂടെ വഴിതിരിച്ചുവിട്ടിരിക്കുകയാണ്.