കൊച്ചി: പോള്‍ മുത്തൂറ്റ് വധക്കേസിലെ ആറു പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിയ്ക്കും. പോള്‍ എം. ജോര്‍ജിന്റെ സഹോദരന്‍ ജോര്‍ജ് എം. ജോര്‍ജ് നല്‍കിയ ഹര്‍ജിയില്‍ കോടതി നോട്ടീസ് അയച്ചിരുന്നു. കേസിലെ മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരന്‍, ആറാം പ്രതി സതീഷ് കുമാര്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷൈന്‍ പോള്‍ എന്നിവരെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരായ ഹര്‍ജികളിലാണു സുപ്രീംകോടതി നോട്ടീസ് അയച്ചത്. രണ്ടാംപ്രതി കാരി സതീഷിന്റെ ശിക്ഷ വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
തെളിവുണ്ടായിട്ടും ഹൈക്കോടതി തെറ്റു കാണിച്ചുവെന്നാണു ഹര്‍ജിക്കാരന്റെ വാദം. കേസിലെ ഒന്നാം പ്രതി ജയചന്ദ്രനെ വെറുതെ വിട്ട ഹൈക്കോടതി വിധി ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്നു സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹര്‍ജികളില്‍ എല്ലാം ഒരുമിച്ചു പരിഗണിക്കാമെന്നു ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയിരുന്നു.
പോള്‍ മുത്തൂറ്റ് വധക്കേസിലെ എട്ടു പ്രതികളെ 2019 ലാണു ഹൈക്കോടതി വെറുതെ വിട്ടത്.
ഒന്നാം പ്രതി ജയചന്ദ്രന്‍, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരന്‍, ആറാം പ്രതി സതീശ് കുമാര്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍, ഒമ്പതാം പ്രതി ഫൈസല്‍, എന്നിവര്‍ക്കു വിചാരണ കോടതി വിധിച്ച ശിക്ഷ റദ്ദാക്കി ഹൈക്കോടതി വെറുതെ വിടുകയായിരുന്നു. വിചാരണ കോടതിയുടെ ശിക്ഷയ്‌ക്കെതിരേ അപ്പീല്‍ നല്‍കാത്ത കേസിലെ രണ്ടാംപ്രതി കാരി സതീഷിന്റെ ശിക്ഷ മാത്രമാണു ഹൈക്കോടതി ശരിവച്ചത്.