സെൻറ് ജോർജേർസ് പാർക്ക്: ബൗളിംഗ്, ഫീൽഡിംഗ്, ബാറ്റിംഗ്… ട്വൻറി 20 വനിതാ ലോകകപ്പിൽ ശ്രീലങ്കയ്ക്ക് മേൽ 10 വിക്കറ്റിൻറെ സമ്പൂർണ ജയവുമായി ഓസീസിൻറെ പടയോട്ടം. മേഗൻ ഷൂട്ടിൻറെ നാല് വിക്കറ്റ് പ്രകടനത്തിൽ തകർന്ന ലങ്ക മുന്നോട്ടുവെച്ച 113 റൺസ് വിജയലക്ഷ്യം ഓസീസ് വനിതകൾ ഓപ്പണർമാരായ ബേത്ത് മൂണിയും അലീസ ഹീലിയും അർധ സെഞ്ചുറി നേടിയതോടെ 15.5 ഓവറിൽ വിക്കറ്റ് നഷ്‌ടമില്ലാതെ ജയത്തിലെത്തി. ഹീലി 38 ഉം മൂണി 50 ഉം പന്തിൽ ഫിഫ്റ്റി തികച്ചു. ഹീലി 43 പന്തിൽ 54 ഉം* മൂണി 53 പന്തിൽ 53* ഉം റൺസെടുത്തു. ടൂർണമെൻറിൽ തുടർച്ചയായ മൂന്നാം ജയവുമായി ഓസീസ് പോയിൻറ് പട്ടികയിൽ തലപ്പത്ത് കുതിക്കുകയാണ്.
ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്കൻ വനിതകൾക്ക് ഓസീസ് സ്‌പിൻ ആക്രമണത്തിന് മുന്നിൽ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 112 റൺസേ നേടാനായുള്ളൂ. നാല് ഓവറിൽ 24 റൺസിന് നാല് വിക്കറ്റുമായി മേഗൻ ഷൂട്ടും മൂന്ന് ഓവറിൽ ഏഴ് റൺസിന് രണ്ട് വിക്കറ്റുമായി ഗ്രേസ് ഹാരിസും ഓരോരുത്തരെ പുറത്താക്കി എലിസ് പെറിയും ജോർജിയ വാർഹേമും ഓസീസിനായി തിളങ്ങി. ഇതിൽ ഷൂട്ടിൻറെ മൂന്ന് വിക്കറ്റുകൾ ഒരൊറ്റ ഓവറിലായിരുന്നു. ഏഴ് ഓവർ പൂർത്തിയാകുമ്പോൾ 50/1 എന്ന ശക്തമായ നിലയിൽ നിന്ന് ടീമാണ് പിന്നെ തകർന്നടിഞ്ഞത്. പിന്നിടുള്ള എട്ട് ഓവറുകളിൽ രണ്ട് വിക്കറ്റ് നഷ്‌മായപ്പോൾ 23 റൺസേ ലങ്ക നേടിയുള്ളൂ. അവസാന അഞ്ച് ഓവറിൽ അഞ്ച് വിക്കറ്റിന് 39 റൺസും.
ലങ്കൻ ടീം സ്കോർ മുപ്പതിലെത്തിയതും നായകൻ ചമാരി അട്ടപ്പട്ടു 16 പന്തിൽ 16 റൺസുമായി മടങ്ങി. പിന്നാലെ ഹർഷിത സമരവിക്രമയും വിഷ്‌മി ഗുണരത്നെയും ചേർന്ന് ലങ്കയ്ക്കായി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു. 40 പന്തിൽ 34 റൺസുമായി നിൽക്കേ ഹർഷിതയെ ഗ്രേസ് ഹാരിസ് മടക്കി. വിക്കറ്റ് കീപ്പർ അലീസ ഹീലി സ്റ്റംപ് ചെയ്യുകയായിരുന്നു. വിഷ്‌മിയാവട്ടെ മേഗൻ ഷൂട്ടിൻറെ പന്തിൽ പെറിക്ക്(33 പന്തിൽ 24) ക്യാച്ച് സമ്മാനിച്ച് മടങ്ങി. പിന്നീട് വന്നവരിൽ ഏഴ് പന്തിൽ പുറത്താകാതെ 15* റൺസ് നേടിയ നിലാക്ഷി ഡി സിൽവയ്ക്ക് മാത്രമാണ് ലങ്കൻ വനിതകളിൽ രണ്ടക്കം കാണാനായത്.
ഒഷാഡി രണസിംഗെ നാല് പന്തിൽ അക്കൗണ്ട് തുറക്കാതെ ഗ്രേസ് ഹാരിസിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. വിക്കറ്റ് കീപ്പർ ബാറ്റർ അനുഷ്‌ക സഞ്ജീവനി 9 പന്തിൽ എട്ട് റൺസുമായി ജോർജിയ വാർഹേമിന് മുന്നിൽ ബൗൾഡായി. എമാ കാഞ്ചനെ(7 പന്തിൽ 4), മൽഷാ ഷെഹാനി(1 പന്തിൽ 0), സുഗന്ധിക കുമാരി(3 പന്തിൽ 4) എന്നിവരെ ഇന്നിംഗ്‌സിലെ അവസാന ഓവറിൽ ഷൂട്ട് മടക്കി. മൽഷായെയും സുഗന്ധികയേയും ഹീലി സ്റ്റംപ് ചെയ്യുകയായിരുന്നു.