ദില്ലി: 470 വിമാനങ്ങൾ വാങ്ങാൻ കരാറുമായി എയർഇന്ത്യ. ഫ്രാൻസിന്റെ എയർബസിൽ നിന്നും അമേരിക്കയുടെ ബോയിങ്ങിൽ നിന്നും വിമാനങ്ങൾ വാങ്ങും. ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനും, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും അറിയിച്ചു. എയർഇന്ത്യക്ക് പുതുജീവൻ നൽകുന്ന വമ്പൻ വ്യോമയാന കരാറുകൾക്കാണ് എയർഇന്ത്യ ഒരുങ്ങുന്നത്.
എയർബസിൽ നിന്നും 250 വിമാനങ്ങൾ വാങ്ങാനുള്ള കരാർ പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും ചേർന്ന് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന കരാറാണിത്.വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വ്യവസായി രത്തൻ ടാറ്റ, ടാറ്റ സൺസ് സിഇഒ നടരാജൻ ചന്ദ്രശേഖരൻ എന്നിവരും പങ്കെടുത്തു.പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യക്ക് ലോകരാജ്യങ്ങളെ ഒന്നിപ്പിക്കുന്ന ശക്തിയാക്കി മാറാൻ കഴിയുമെന്ന് ഫ്രഞ്ച് പ്രസിഡൻറ് പറഞ്ഞു.
അമേരിക്കയുടെ 220 ബോയിങ്ങ് വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ ഒരുങ്ങുന്നതായി അമേരിക്കൻ പ്രസിഡൻറ് അറിയിച്ചു.34 ലക്ഷം കോടി രൂപയുടെ കരാറാണ് പ്രഖ്യാപിച്ചത്. ഇന്ത്യ- അമേരിക്ക ബന്ധം കൂടുതൽ ദൃഢമാക്കുന്നതിൻറെ ഭാഗമാണ് കരാറെന്ന് ബൈഡൻ പറഞ്ഞു. മെയ്ക്ക് ഇൻ ഇന്ത്യ – മെയ്ക്ക് ഫോർ ദി വേൾഡ് എന്ന സങ്കല്പത്തിലൂടെ വ്യോമയാന മേഖലയിൽ കൂടുതൽ സാധ്യതകൾ തുറക്കാനാണ് കേന്ദ്രസർക്കാരിൻറെ ശ്രമം.