IndiaNEWS

നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരേ ആഞ്ഞടിച്ച് മണിക് സർക്കാർ; ജനങ്ങളെ കബളിപ്പിക്കുന്നു, ഇടതുപക്ഷത്തിന്റെ നേട്ടങ്ങള്‍ ബി.ജെ.പിയുടേതായി ചിത്രീകരിക്കുന്നു

അഗര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ട ത്രിപുരയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരേ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രി മണിക് സർക്കാർ. തുടര്‍ഭരണത്തിന് വേണ്ടി ഇടതുപക്ഷ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞാണ് മോദി ത്രിപുരയില്‍ വോട്ട് പിടിക്കുന്നതെന്ന് മണിക് സര്‍ക്കാര്‍ പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്നൊരാളാണ് ജനങ്ങളെ കളവ് പറഞ്ഞ് കബളിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്ത നല്ല കാര്യങ്ങള്‍ പറഞ്ഞാണ് അമ്പസയിലും ഉദൈപ്പൂരിലും മോദി തെരഞ്ഞെടുപ്പ് റാലി നടത്തുന്നതെന്ന് മണിക് സര്‍ക്കാര്‍ പറഞ്ഞു. ‘2018ന് മുമ്പ് ത്രിപുരയില്‍ നിയമവാഴ്ചയില്ലായിരുന്നുവെന്ന് മോദി ആരോപിക്കുന്നു. സ്ത്രീകള്‍ സുരക്ഷിതരല്ലായിരുന്നുവെന്നും, തൊഴിലില്ലായ്മ രൂക്ഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയില്‍ സമാധാനന്തരീക്ഷം വന്നത് ബി.ജെ.പി വന്നതോട് കൂടിയാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണ്’ മണിക് സര്‍ക്കാര്‍ പറഞ്ഞു. നരേന്ദ്ര മോദി അധികാരത്തില്‍ വരുന്നതിന് മുമ്പ് തന്നെ ത്രിപുരയില്‍ കലാപങ്ങള്‍ ഇല്ലാതായിട്ടുണ്ട്. എന്നാല്‍ അതിന്റെയൊന്നും ക്രെഡിറ്റ് എടുക്കാന്‍ ഇടതുമുന്നണി ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

2018ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി നല്‍കിയ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളെ കുറിച്ച് മോദി പരാമര്‍ശിക്കുന്നില്ല.താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തും, പിരിച്ചുവിട്ട പതിനായിരത്തിലധികം അധ്യാപകരെ ജോലിയില്‍ പ്രവേശിപ്പിക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ അവര്‍ നല്‍കിയിരുന്നു. എന്നാല്‍ അതിനെക്കുറിച്ചൊന്നും മോദി പരാമര്‍ശിച്ചില്ല. ഈ അഞ്ച് വര്‍ഷത്തിനിടയില്‍ ബി.ജെ.പി സര്‍ക്കാര്‍ ത്രിപുരക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

മോദി ത്രിപുരയിലെ ആദിവാസികളെ കുറിച്ചോര്‍ത്ത് മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്. ഗുജറാത്തിലെ മുഴുവന്‍ ഗോത്ര സീറ്റുകളിലും ബി.ജെ.പി വിജയിച്ചുവെന്ന് മോദി അവകാശപ്പെടുന്നുണ്ട്. എന്നാല്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചും തെറ്റായ പ്രചരണങ്ങള്‍ നടത്തിയുമാണ് അവര്‍ അവിടെ വിജയിച്ചത്. ഗുജറാത്തില്‍ ടി.ടി.എ.എ.ഡി.സി (Tripura Tribal Areas Autonomous District Cpouncil) പോലുള്ള സംവിധാനങ്ങളുണ്ടോ. എന്നാല്‍ ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ പോരാട്ടം മൂലമാണ് അങ്ങനൊരു സംവിധാനം ത്രിപുരയില്‍ ഉണ്ടായതെന്നും മണിക് സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 16നാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുക എന്ന ഉദ്ദേശത്തോടു കൂടി ഇടതുപക്ഷവും കോണ്‍ഗ്രസും സഖ്യം ചേര്‍ന്നാണ് മത്സരിക്കുന്നത്.

Back to top button
error: