CrimeNEWS

ഇലക്ട്രോണിക്സ് വസ്തുക്കള്‍ക്കിടയില്‍ കഞ്ചാവ് മിഠായി കടത്ത്; അച്ഛനും മകനും പിടിയില്‍, 62 കിലോ കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി

കൊച്ചി: എറണാകുളം കളമശേരിയിൽ കഞ്ചാവ് മിഠായിയും നിരോധിക്കപ്പെട്ട പുകയില ഉൽപന്നങ്ങളുമായി അച്ഛനും മകനും പിടിയില്‍. 62 കിലോ കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ബെൽഗാം സ്വദേശികളായ യി. സെറ്റപ്പ, അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്. കണ്ടെയ്നർ റോഡിൽ ഡെക്കാത്ത്ലോണിന് സമീപത്തു നിന്നുമാണ് വലിയ കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്. പൂനെയിൽ നിന്നും കൊച്ചിയിലേക് കൊണ്ടുവന്ന ഇലക്ട്രോണിക് വസ്തുക്കളുടെ ലോഡിൽ കഞ്ചാവ് ഒളിപ്പിച്ചു കടത്തുകയായിരുന്നു. ലോറിയിൽ ചാക്കിനകത്താക്കി ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്.

കളമശേരി പോലീസും ഷാഡോ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കൊച്ചിയിൽ വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വസ്തുക്കളുടെ ഉപയോഗം വർധിക്കുന്ന എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മിഠായി പിടികൂടിയത്. പൂനെയിൽ നിന്നും മംഗലാപുരത്ത് നിന്നുമാണ് ലഹരി പദാര്‍ത്ഥങ്ങള്‍ കയറ്റി കൊണ്ട് വന്നത്.

Signature-ad

അതിനിടെ, കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് സ്പോട് കഫേയുടെ മറവില്‍ ലഹരി വിൽപ്പന നടത്തുന്നയാള്‍ മലപ്പുറത്ത് പിടിയിലായി. മലപ്പുറം പെരിങ്ങാവ് അരിക്കുംപുറത് വീട്ടിൽ മുഹമ്മദ് ഷഫീർ (27) ആണ് 5 ഗ്രാം എം.ഡി.എം.എ യുമായി പൊലീസിന്‍റെ പിടിയിലായത്. ഫാറൂഖ് കോളേജിന് സമീപം കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.

ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജു ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നാർകോട്ടിക് സ്കോഡ് നടത്തിയ അന്വേഷത്തിലാണ് പ്രതിയെ പിടികൂടിയത്. കോളേജ്‌ വിദ്യാര്ഥികൾക്കിടയിൽ വില്പനക്കായി കൊണ്ടുവരുന്ന ന്യൂജൻ ലഹരിമരുന്ന് കോളേജിന് സമീപത്ത് പ്രവർത്തിക്കുന്ന സ്പോട് കഫേയുടെ മറവിലാണ് ഷഫീർ കച്ചവടം നടത്തുന്നത്. അടുത്ത കാലത്തായി രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് കേസുകളിൽ ഉൾപെടുന്നവർ അധികവും വിദ്യാർത്ഥികളാണെന്ന് കോഴിക്കോട് നാർകോട്ടിക് സെൽ അസ്സി. കമ്മീഷണർ പ്രകാശൻ പി പടന്നയിൽ പറഞ്ഞു.

Back to top button
error: