Movie

മലയാളിയെ കരയിച്ച ‘ആകാശദൂത്’ പ്രദർശനത്തിനെത്തിയിട്ട് 30 വർഷം

സിനിമ ഓർമ്മ

മലയാളത്തിലെ ഏറ്റവും വലിയ കാശുവാരി കണ്ണീർപ്പടം ‘ആകാശദൂത്’ പ്രദർശനത്തിനെത്തിയിട്ട് 30 വർഷം. 1993 ഫെബ്രുവരി 12 നാണ് ഡെന്നീസ് ജോസഫ് തിരക്കഥയെഴുതിയ സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം റിലീസ് ചെയ്‌തത്‌. അതിനും പത്ത് വർഷം മുൻപിറങ്ങിയ ഹോളിവുഡ് ചിത്രം ‘ഹൂ വിൽ ലവ് മൈ ചിൽഡ്രൻ’ തന്നെ സ്വാധീനിച്ചതായി ഡെന്നീസ് ജോസഫ് വെള്ളിപ്പെടുത്തിയിട്ടുണ്ട്. തെലുഗു, കന്നഡ, മറാത്തി, ഹിന്ദി ഭാഷകളിൽ ‘ആകാശദൂത്’ റീമേയ്ക്ക് ചെയ്യപ്പെട്ടു.
രക്താർബുദം ബാധിച്ച വിധവ, മക്കളെ അനാഥരാക്കാതെ ദത്തെടുക്കലിന് വിട്ട് കൊടുത്ത കഥയാണ് ‘ആകാശദൂതി’ന്റെത്. സിനിമയുടെ തുടർച്ചയായി ടി.വി സീരിയൽ വന്നു. അതിൽ ദത്തെടുക്കപ്പെട്ട കുട്ടികൾ വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് ചേരുന്നതായാണ് സംവിധായകൻ ആദിത്യൻ വിഭാവനം ചെയ്‌തത്‌.

Signature-ad

സിനിമയിൽ സീന ആന്റണിയാണ് മൂത്ത കുട്ടിയെ അവതരിപ്പിച്ചത്. പക്ഷേ സീരിയലിൽ ആ കുട്ടിക്ക് 16 വയസ്സുള്ളപ്പോഴാണ് കഥ തുടങ്ങുന്നത്. നടി ചിപ്പിയാണ് സീരിയലിൽ മൂത്ത കുട്ടിയായി അഭിനയിച്ചു. സീരിയലിന്റെ നിർമ്മാണം ചിപ്പിയുടെ ഭർത്താവ് രഞ്ജിത്തായിരുന്നു.

സിനിമയിൽ പ്രധാന കഥാപാത്രമായ അമ്മയെ അവതരിപ്പിക്കാൻ സിബി മലയിൽ പല നടിമാരെ സമീപിച്ചെങ്കിലും അവരൊക്കെ ഒഴിവായി. തിരക്കില്ലാതിരുന്ന നടി മാധവിക്ക് ആ വേഷം കിട്ടി. മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് മാധവി നേടി.

സിനിമയിലെ കുട്ടികൾ കോട്ടയത്തെ ഗിരിദീപം, കോർപ്പസ് ക്രിസ്റ്റി സ്‌കൂളുകളിലെ വിദ്യാർത്ഥികളായിരുന്നു.
‘ജോണിവാക്കറി’ന് ശേഷം പ്രേംപ്രകാശ് മറ്റൊരു നിർമ്മാതാവുമായി ചേർന്ന് നിർമ്മിച്ച ചിത്രമാണ് ‘ആകാശദൂത്’. ചിത്രം വിതരണത്തിനെടുത്ത സെഞ്ച്വറി ഫിലിംസ് ചില തിയറ്ററുകളിൽ തൂവാല കൊടുത്തത് വൻ പബ്ളിസിറ്റി നേടി. കന്യാസ്ത്രീകൾ കൂട്ടമായി തിയറ്ററിൽ സിനിമയ്ക്ക് പോകുന്ന കാഴ്‌ചയും ഈ സിനിമ സമ്മാനിച്ചു.
ഓഎൻവി-ഔസേപ്പച്ചൻ ടീമിന്റെ 3 ഗാനങ്ങൾ (രാപ്പാടി, കാട്ടിലെ മൈനയെ, ശുഭയാത്ര ഗീതങ്ങൾ) സിനിമയോളം തന്നെ സൂപ്പർഹിറ്റായി.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: