കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ മേഖലയിൽ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ അവസാനിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം. വാണിജ്യ മന്ത്രി മാസൻ അൽ നഹേദിന്റെ നിർദേശപ്രകാരം മന്ത്രാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ അൻസിയാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന കുവൈത്ത് പൗരന്മാരാല്ലാത്ത 15 പേരുടെ തൊഴിൽ കരാറുകൾ അവസാനിപ്പിക്കാനാണ് തീരുമാനം.
രാജ്യത്തെ തൊഴിൽ അവസരങ്ങൾ പരമാവധി സ്വദേശിവത്കരിക്കാനുള്ള നയം തുടരുന്നതിന്റെ ഭാഗമായാണ് തീരുമാനം. ടൈപ്പിസ്റ്റുകൾ, അക്കൗണ്ടന്റുമാർ, നിയമകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർ, സാങ്കേതിക വിഭാഗം, ആസൂത്രണ മേഖല, നിയന്ത്രണ, ഉപഭോക്തൃ സംരക്ഷണ മേഖല, സാമ്പത്തിക കാര്യങ്ങൾ, അതുപോലെ കോർപ്പറേറ്റ് മേഖല തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളെയാണ് പിരിച്ചു വിടുന്നത്. ഇവരുമായുള്ള തൊഴിൽ കരാറുകൾ ഈ വർഷം ജൂൺ 29ന് അവസാനിക്കുന്ന തരത്തിൽ നോട്ടീസ് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.