കണ്ണൂര്‍: മാഹിപ്പുഴയിൽ അപകടകരമായ രീതിയിൽ ബോട്ടിംഗ് നടത്തുന്നതായി പ്രദേശവാസികളുടെ പരാതി. ഇതിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ സംസ്ഥാന ജൈവ വൈവിധ്യ ബോർഡിനും ഗതാഗത വകുപ്പിനും പരാതി നല്‍കി. അപകടകരമായ രീതിയിൽ ബോട്ടിംഗ് നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് വലിയ അപകടത്തിന് കാരണമാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
മാഹിപ്പുഴയിലെ മോന്താൽക്കടവിൽ അപകടകരമായ രീതിയിൽ ബോട്ടിംഗ് നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ആഴമേറിയ പുഴയിൽ അപകടം വിളിച്ച് വരുത്തും വിധമാണ് ബോട്ട് ഓടിക്കുന്നത്. കുട്ടികൾ അടക്കമുള്ളവരെ യാതൊരു സുരക്ഷ മുൻകരുതലുമില്ലാതെ ബോട്ടിലിരുത്തിയാണ് യാത്ര. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ബോട്ട് പ്രദേശത്ത് നിന്നും മാറ്റി. ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തുമ്പോള്‍ അനുമതിയുള്ള ബോട്ടുകൾ മാത്രമേ കടവിൽ ഉണ്ടായിരുന്നുള്ളൂ. നടപടി എടുത്തില്ലെങ്കിൽ വീണ്ടും ബോട്ട് സർവ്വീസ് നടത്താൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
അതേസമയം, അപകടകരമായ ബോട്ടിംഗിന് അനുമതി കൊടുത്തിട്ടില്ലെന്നും സുരക്ഷ സംവിധാനങ്ങളോടെയുള്ള സാധാരണ ബോട്ടിന് മാത്രമേ അനുമതി ഉള്ളുവെന്നും പാനൂർ നഗരസഭയിലെയും ഏറാമല പഞ്ചായത്തിന്റെയും അധികൃതർ വ്യക്തമാക്കി. അപകടം ക്ഷണിച്ചു വരുത്തുന്ന ഇത്തരം ബോട്ടുകൾക്കെതിരെ നടപടിയാവശ്യപ്പെട്ട് നാട്ടുകാർ ജൈവ വൈവിധ്യ ബോർഡിനും ഗതാഗത വകുപ്പിനും പരാതി നൽകിയിട്ടുണ്ട്.