ആന്ധ്രാപ്രദേശിലെ കാക്കിനഡയിൽ വിഷവാതകം ശ്വസിച്ച് ഏഴ് തൊഴിലാളികൾ മരിച്ചു. ഓയിൽ ഫാക്ടറിയിലെ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയവരാണ് മരിച്ചത്. പെദ്ദാപുരം ജി രംഗംപേട്ടിലെ അൻപാടി സുബ്ബണ്ണ ഫാക്ടറിയിലാണ് അപകടം.
പുലിമേര സ്വദേശികളായ രണ്ടു പേരും പാടേരി സ്വദേശികളായ അഞ്ചു പേരുമാണ് അപകടത്തിൽപ്പെട്ടത്. കൃഷ്ണ, നരസിംഹ, സാഗർ, ബോഞ്ചുബാബു, രാമറാവു, ജഗദീഷ്, പ്രസാദ് എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ആറുമണിയോടെയാണ് അപകടം. ആദ്യം രണ്ട് തൊഴിലാളികളാണ് 24 അടി ആഴമുള്ള ടാങ്കിൽ ഇറങ്ങിയത്, ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ മറ്റുള്ളവർ ഇവരെ രക്ഷിയ്ക്കാനായി ഇറങ്ങുകയായിരുന്നു എന്നാണ് പൊലിസിൻ്റെ പ്രാഥമിക കണ്ടെത്തൽ. തൊഴിലാളികൾക്ക് കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ലെന്നും പൊലിസ് പറഞ്ഞു.
അപകടം നടന്നയുടനെ തന്നെ പെദ്ദാപുരം പൊലിസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും ആരുടെയും ജീവൻ രക്ഷിയ്ക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേയ്ക്ക് മാറ്റി. പൂർണമായി പ്രവർത്തനം ആരംഭിയ്ക്കാത്ത ഫാക്ടറിയാണെന്നും ലൈസൻസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ പരിശോധന നടക്കുന്നുണ്ടെന്നും പൊലിസ് അറിയിച്ചു. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെ തൊഴിലാളികളെ ഇത്തരം ജോലികൾക്ക് നിയോഗിച്ച സംഭവത്തിൽ ഫാക്ടറി ഉടമയ്ക്കെതിരെ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.