കാസര്‍കോട്: മുളിയാര്‍ സി.ഡി.എസിലെ ഒരുകൂട്ടം ബാലസഭാംഗങ്ങള്‍ വിമാന യാത്രയ്ക്ക് ഒരുങ്ങുന്നു. ‘ആകാശത്തൊരു കുട്ടിയാത്ര’ എന്ന പേരില്‍ ബാലസഭാ അംഗങ്ങള്‍ക്കായി പരിപാടി സംഘടിപ്പിക്കുന്നത് കുടുംബശ്രീ സി.ഡി.എസാണ്. വിമാനയാത്ര ചെയ്യാന്‍ ആഗ്രഹമുള്ള ബാലസഭാംഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുകയും പരീക്ഷ നടത്തി വിജയിക്കുന്നവരെ യാത്രയ്ക്ക് തിരഞ്ഞെടുക്കുകയുമായിരുന്നു. 26 അപേക്ഷകളാണ് ലഭിച്ചത്. 21 പേര്‍ പങ്കെടുത്ത എഴുത്ത് പരീക്ഷയില്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ 6 പേരെയും സംവരണ അടിസ്ഥാനത്തില്‍ 5 കുട്ടികളെയും തിരഞ്ഞെടുത്തു. നാളെ വൈകിട്ട് മൂന്ന് മണിക്ക് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം വരെയാകും വിമാനയാത്ര.
9 വ്യാഴാഴ്ച സെക്രട്ടറിയേറ്റ് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, കുടുബശ്രീ ഇഡി എന്നിവരെ കണ്ട് ബാലസഭ കുട്ടികള്‍ തയ്യാറാക്കിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് കൈമാറും. വിമാനയാത്രയ്ക്ക് ആവശ്യമാകുന്ന തുക പൂര്‍ണ്ണമായും സംഭാവനയായാണ് കണ്ടെത്തിയത്. തിരുവനന്തപുരത്ത് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത് കെ എസ് ഇ ബി എംപ്ലോയീസ് യൂണിയന്റെ സഹായത്താലാണ്.
വിശ്രുത് പ്രഭാകരന്‍, കെ. കൃഷ്‌ണേന്തു, സി.കെ.പി. സനിത്ത്, വിമായ, കെ.ആര്‍. ശിവരാജ്, ആദിത്യ സത്യന്‍, ടി. പ്രജ്വല്‍, ബി. ശിവകൃഷ്ണ, വിധു വിജയ്, ഹൃഷികേഷ്, ദീക്ഷ, എന്നിവരാണ് വിമാനയാത്ര നടത്തുക. ചെയര്‍പേഴ്‌സണ്‍ ഖൈറുന്നിസ, അകൗണ്ടന്റ് സക്കീന, ആര്‍.പി. ശ്രീനേഷ് ബാവിക്കര എന്നിവരും ഭാഗമാകും.
നാളെ രാവിലെ 10 മണിക്ക് മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.വി. മിനി ഫ്‌ളാഗ് ഓഫ് ചെയ്യും.