ആറ്റിങ്ങൽ: സ്കൂളിലെ കുട്ടികൾ തമ്മിലുള്ള വഴക്ക് രക്ഷിതാവിൻ്റെ കയ്യാങ്കളിയിൽ കലാശിച്ചു. കുപിതനായ ഒരു രക്ഷിതാവ് ഇതിൻ്റെ പേരിൽ വീട്ടമ്മയെ മാരകമായി വെട്ടി പരിക്കേല്പിച്ചു. ആറ്റിങ്ങലിലാണ് ഇത് നടന്നത്. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. സുജ എന്ന വീട്ടമ്മയും മക്കളും വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്. സുജയുടെ ഭർത്താവ് പുറത്ത് പോയിരിക്കുകയായിരുന്നു.
അയൽവാസിയും ബന്ധുവുമായ ഷിബുവാണ് ആക്രമിച്ചത്. ഇരു വീട്ടുകാരുടെയും മക്കൾ ഒരേ സ്കൂളിൽ ആണ് പഠിക്കുന്നത്. കുട്ടികൾ തമ്മിലുള്ള പ്രശ്നം ചോദ്യം ചെയ്യാൻ ഷിബുവും ഭാര്യയും സുജയുടെ വീട്ടിലേക്ക് പോകുകയും വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു. കുപിതനായ ഷിബു കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് സുജയെ മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.
സംഭവം അറിഞ്ഞ് ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തുമ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു സുജ. ഉടൻ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റ സുജ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രതി ഷിബുവിനെ ആറ്റിങ്ങൽ പോലീസ് കസ്റ്റഡിയിലെടുത്തു.