ചെന്നൈ: രാമേശ്വരം, ധനുഷ്കോടി യാത്രയിലെ പ്രധാന ആകർഷണമായ പഴയ പാമ്പൻ പാലം ഇനി ചരിത്രസ്മാരകം. പാമ്പൻ ദ്വിപീനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിച്ചു ട്രെയിൻ സർവീസ് നടത്തിയിരുന്ന പാലമാണ് ‘സേവനം’ എന്നത്തേയ്ക്കുമായി അവസാനിപ്പിച്ചത്. പാമ്പൻ പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം പൂർണമായും നിർത്തികൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ചയാണ് റെയിൽവെ ഇറക്കിയത്. പുതിയ പാലം വരുന്നത് വരെ രാമേശ്വരത്തേക്കുള്ള ട്രെയിനുകൾ മണ്ഡപം സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കും. 1988 ൽ റോഡുപാലം വരുന്നത് വരെ രാമേശ്വരത്തുള്ളവർക്ക് വൻകരയുമായി ബന്ധപ്പെടുനുള്ള ഏക മാർഗം പാമ്പൻ പാലമായിരുന്നു.
1964-ൽ ഉണ്ടായ കൊടുങ്കാറ്റിൽ പാമ്പൻ പാലത്തിന് മുകളിലൂടെ ആഞ്ഞടിച്ച തിരമാലയിൽപെട്ട് പാസഞ്ചർ ട്രെയിൽ മറിഞ്ഞ് കടലിൽ വീണ് 115 യാത്രക്കാർ മരിച്ചിരുന്നു. അന്ന് തകർന്ന റെയിൽവേ സ്റ്റേഷന്റെയും പാളത്തിന്റെയും അവശിഷ്ടങ്ങൾ ഇന്നും ധനുഷ്‌കോടിയിലുണ്ട്. പാലത്തിൽ ഇനിയും അറ്റകുറ്റപ്പണി അസാധ്യമായതിനെ തുടർന്നാണ് പുതിയ പാലം നിർമിക്കാൻ തീരുമാനിച്ചത്. പുതിയ പാലത്തിന്റെ നിർമാണം ജൂലായിയോടെ അവസാനിക്കുമെന്നാണ് കരുതുന്നത്.
ചരക്ക് കപ്പലുകൾക്ക് പോകാനായി പാലത്തിന്റെ നടുഭാഗം വാതിൽ തുറക്കുന്നതിനാൽ വെർട്ടിക്കൽ ലിഫ്റ്റിങ് പാലം എന്നാണ് വിളിക്കുന്നത്. അന്നത്തെ എൻജിനിയറിങ് വൈദഗ്ധ്യത്തിന്റെ നേർകാഴ്ചകൂടിയാണ് പാമ്പൻ പാലം. 2.066 കിലോമീറ്റർ നീളമുള്ള പഴയ റെയിൽപാലം കാണികൾക്ക് ഇന്നും ഒരു വിസ്‌മയമാണ്. പുതിയ പാലം വരുന്നതോടെ പഴയപാലത്തിന്റെ ഭാഗങ്ങൾ പാമ്പൻ റെയിൽവെ സ്റ്റേഷനിൽ ചരിത്രസ്‌മാരകമായി പ്രദർശിപ്പിക്കും. ചുഴലിക്കാറ്റിൽ നശിച്ചുപോയ രാമേശ്വരം-ധനുഷ്കോടി പാതയും റെയിൽവെസ്റ്റേഷനും പുനർനിർമിക്കുന്നതിന് റെയിൽവെ ബജറ്റിൽ 385 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്.