LIFEMovie

ഒരു വാക്കിനോ ശ്വാസത്തിനോ കത്രിക വീഴാതെ, പൂർവ്വാധികം ശക്തിയോടെ ആട്തോമയെത്തും; ‘സ്‍ഫടികം’ സെൻസറിംഗ് നടപടികൾ പൂർത്തിയാക്കി

ലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളില്‍ ഒന്നായ സ്ഫടികം ഡിജിറ്റല്‍ റീ മാസ്റ്ററിംഗ് പൂര്‍ത്തിയാക്കി തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. ആടുതോമയെന്ന മോഹന്‍ലാലിന്‍റെ അവിസ്മരണീയ നായക കഥാപാത്രമുള്ള ചിത്രം തലമുറകളെ തന്നെ സ്വാധീനിച്ച ഒന്നാണ്. ഇപ്പോഴിതാ ഫെബ്രുവരി 9 ന് റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രം രണ്ടാം വരവില്‍ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ ഭദ്രന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

ആട്തോമയെയും ചാക്കോമാഷിനെയും ഹൃദയത്തിൽ കൊണ്ട് നടക്കുന്ന, ലോകമെമ്പാടുമുള്ള മലയാളികൾക്ക്‌ ഒരു സന്തോഷ വാർത്ത!! ഒരിക്കൽ കൂടി സെൻസർ നടപടികൾക്ക് വിധേയമാകേണ്ടി വരും എന്ന, ചില സൂചനകളെ മറികടന്ന്, ഒരു വാക്കിനോ ശ്വാസത്തിനോ സെൻസർ ബോർഡിന്റെ കത്രിക വീഴാതെ, പൂർവ്വാധികം ശക്തിയോടെ “പൂക്കോയി ……” അതേ ശബ്‍ദത്തോടെ, കേൾക്കാനും കാണാനും കഴിയുമെന്ന്, ഇന്ന് മുതൽ ഉറപ്പിക്കാം ….!!, ഭദ്രന്‍ കുറിച്ചു.

1995 ല്‍ പുറത്തെത്തിയ സ്ഫടികത്തിന്‍റെ കഥയും സംവിധാനവും ഭദ്രന്‍ ആയിരുന്നു. ഒപ്പം സഹരചനയും. രാജേന്ദ്ര ബാബുവിനൊപ്പമാണ് ചിത്രത്തിലെ സംഭാഷണങ്ങള്‍ ഭദ്രന്‍ ഒരുക്കിയത്. ഗുഡ്‍നൈറ്റ് ഫിലിംസിന്‍റെ ബാനറില്‍ ആര്‍ മോഹന്‍ നിര്‍മ്മിച്ച ചിത്രം മോഹന്‍ലാലിലെ താരത്തെയും നടനെയും ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയ ചിത്രങ്ങളില്‍ ഒന്നാണ്.

ഒപ്പം നെടുമുടി വേണു, തിലകന്‍, കെപിഎസി ലളിത, ഉര്‍വ്വശി, എന്‍ എഫ് വര്‍ഗീസ് തുടങ്ങി മികച്ച അഭിനേതാക്കളുടെ ഒരു നിര വേറെയും. മിഴിമുള്ള കഥാപാത്ര സൃഷ്ടി തന്നെയാണ് സ്ഫടികത്തെ സ്ഫടികം ആക്കിയത്. ഇപ്പോഴും ടെലിവിഷന്‍ സംപ്രേഷണത്തില്‍ മികച്ച റേറ്റിംഗ് ലഭിക്കാറുള്ള ചിത്രം എത്ര വട്ടം കണ്ടാലും മലയാളികള്‍ക്ക് മടുക്കാറില്ല. സ്ഫടികം ഇതുവരെ തിയറ്ററുകളില്‍ കണ്ടിട്ടില്ലാത്ത ഒരു തലമുറയ്ക്ക് അതിനുള്ള അവസരം ലഭിക്കുന്നു എന്നതാണ് റീമാസ്റ്ററിംഗ് പതിപ്പിന്‍റെ റിലീസിലെ നേട്ടം.

Back to top button
error: