കൊച്ചി: സ്‌കൂള്‍ പരിസരത്തും വഴിയോരത്തും കളിപ്പാട്ടക്കച്ചവടം നടത്തുന്ന ഉത്തര്‍പ്രദേശ് സ്വദേശി ബ്രൗണ്‍ ഷുഗറുമായി പിടിയില്‍. ബറേലിയില്‍ നിന്നുള്ള വിപിന്‍കുമാര്‍ റസ്തോജി (മിങ്കു ഭായ്-70) യാണ് എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്.
പരിശോധനയില്‍ 60 ചെറു പാക്കറ്റുകളിലായി 4.5 ഗ്രാം ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തു. തേവര ഡീവര്‍ റോഡിനു സമീപം കസ്തൂര്‍ബാ നഗറില്‍ കളിപ്പാട്ടങ്ങള്‍ വില്‍പ്പന നടത്തുന്ന ഇയാളുടെ അടുത്തേക്ക് യുവതീ യുവാക്കള്‍ ധാരാളമായി വന്നുപോകുന്ന വിവരം സിറ്റി മെട്രോ ഷാഡോ സംഘത്തിനും എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിനും ലഭിച്ചിരുന്നു.
എക്സൈസ് സംഘം വേഷം മാറിയെത്തി ഇയാളുമായി സൗഹൃദം സ്ഥാപിച്ചു. മയക്കുമരുന്ന് ആവശ്യപ്പെട്ട എക്സൈസ് ടീമിനോട് മയക്കു മരുന്നിന്റെ വില പറഞ്ഞ് ഉറപ്പിച്ച ശേഷം ഉപയോഗക്രമവും പറഞ്ഞുകൊടുത്തു.
എക്സൈസ് സംഘമാണെന്ന് മനസ്സിലാക്കിയതോടെ ഇയാള്‍ കളിപ്പാട്ടങ്ങള്‍ ഉപേക്ഷിച്ച് ഓട്ടോറിക്ഷയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഇയാളുടെ താമസസ്ഥലത്തുനിന്ന് ബ്രൗണ്‍ഷുഗര്‍ കണ്ടെടുത്തു. മില്ലിഗ്രാം മാത്രം തൂക്കം വരുന്ന പൊതിക്ക് 1500 രൂപയാണ് ഈടാക്കിയിരുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവരുന്നതെന്ന് ഇയാള്‍ പറഞ്ഞു.