കൊച്ചി: ബിസിനസില്‍ പങ്കാളിത്തവും സിനിമയില്‍ അവസരവും വിവാഹ വാഗ്ദാനവും നല്‍കി പീഡിപ്പിച്ചെന്നു പരാതിയിൽ സിനിമ നിര്‍മ്മാതാവ് അറസ്റ്റില്‍. വ്യവസായിയും സിനിമ നിര്‍മ്മാതാവുമായ മാര്‍ട്ടിന്‍ സെബാസ്റ്റിയന്‍ ആണ് ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യലിനു ഹാജരായപ്പോഴാണു കൊച്ചി സെന്‍ട്രല്‍ പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്. തൃശൂര്‍ സ്വദേശിനിയുടെ പരാതിയിലാണു നടപടി.
ബിസിനസില്‍ പങ്കാളിത്തവും സിനിമയില്‍ അവസരവും വിവാഹ വാഗ്ദാനവും നല്‍കി 2000 മുതല്‍ കാലഘട്ടത്തില്‍ വയനാട്, മുംബൈ, തൃശൂര്‍, ബംഗളൂരു, കൊച്ചി എന്നിവിടങ്ങളില്‍ ഹോട്ടലിലും ഓഫീസിലും വച്ചു പീഡിപ്പിച്ചുവെന്നാണു യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. 78.60 ലക്ഷം രൂപയും 80 പവന്‍ സ്വര്‍ണവും പ്രതി തട്ടിയെടുത്തു. യുവതി പോലീസില്‍ പരാതി നല്‍കുമെന്നു വന്നതോടെ ഏഴു പോലീസ് സ്‌റ്റേഷന്‍ പരിധികളിലുള്ള സെഷന്‍സ് കോടതികളിലും ഹൈക്കോടതിയിലും ഹര്‍ജി നല്‍കി മാര്‍ട്ടിന്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.1990 കളിലെ ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പുകേസിലെ പ്രതിയാണിയാള്‍.
കഴിഞ്ഞ ഡിസംബറിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്ത് അന്വേഷണം ആരംഭിക്കവേ പ്രതി മാര്‍ട്ടിന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി നാലു ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
എന്നാൽ, യുവതിയുടെ പീഡനപരാതി വ്യാജമാണെന്നാണു മാര്‍ട്ടിന്‍ പോലീസിന് നൽകിയ മൊഴി. പീഡനം നടപ്പിട്ടില്ല. അനുമതിയോടെയാണു യുവതിയുമായി ലൈംഗികമായി ബന്ധപെട്ടത്. തനിയ്ക്കു നല്‍കാനുള്ള പണം തിരികെ ചോദിച്ചപ്പോഴാണു പീഡനമാരോപിച്ചു യുവതി പരാതി നല്‍കിയത്. 15 വര്‍ഷമായി യുവതിയുമായി അടുപ്പമുണ്ട്. അതിനാല്‍, ബലാല്‍സംഗം ചെയ്തുവെന്ന വാദം നിലനില്‍ക്കില്ല. യുവതി ചെറുപ്പത്തില്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. പണം തിരികെ ചോദിച്ചപ്പോൾ പീഡനപരാതി നല്‍കുമെന്നു പറഞ്ഞു യുവതി തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. യുവതിയ്ക്കു പണം നല്‍കിയതിനു തെളിവുണ്ടെന്നും ബാങ്ക് രേഖകള്‍ ഹാജരാക്കാമെന്നും മാര്‍ട്ടിന്‍ അറിയിച്ചു.
ബാങ്ക് വഴി ഒരുകോടി രൂപയും അല്ലാതെ 50 ലക്ഷം രൂപയും യുവതിയ്ക്കു പലപ്പോഴായി നല്‍കിയിട്ടുണ്ട്. ഇതു തിരിച്ചുചോദിച്ചപ്പോള്‍ മുതലാണു തനിയ്‌ക്കെതിരേ പീഡനപരാതി നല്‍കുമെന്നു ഭീഷണിപ്പെടുത്തിയതെന്നും മാര്‍ട്ടിന്‍ മൊഴി നല്‍കി. എന്നാല്‍, മാര്‍ട്ടിന്‍ തന്നോടു പണം വാങ്ങിയെന്നാണു യുവതി പറയുന്നത്. പക്ഷേ തെളിവു ഹാജരാക്കാന്‍ യുവതിയ്ക്കു കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ചു വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.