HealthKeralaLIFENEWS

ആലപ്പുഴ മെഡിക്കൽ കോളജിന് ഇത് അഭിമാന മുഹൂർത്തം; പക്ഷാഘാതം വന്ന് തളര്‍ന്ന രോഗിക്ക് മൂന്ന് ശസ്ത്രക്രിയകൾ ഒരേ സമയം വിജയകരമായി പൂർത്തിയാക്കി

ആലപ്പുഴ: പക്ഷാഘാതം വന്ന് തളര്‍ന്ന രോഗിക്ക് ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യപൂര്‍വ ശസ്ത്രക്രിയ. കഴുത്തിലും ശ്വാസകോശത്തിലും ഹൃദയത്തിലും ഒരേ സമയം മൂന്നു ശസ്ത്രക്രിയകള്‍ക്ക് വിധേയനായ ഗൃഹനാഥന്‍ സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. കായംകുളം പെരിങ്ങാല നാനൂറ്റിപടീറ്റതില്‍ നൂറുദ്ദീന്‍(63) ആണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ചരിത്രത്തില്‍ ആദ്യമായി അത്യപൂര്‍വ ശസ്ത്രക്രിയക്ക് വിധേയനായത്.

കൂലിപ്പണിക്കാരനായ നൂറുദ്ദീന് ഏതാനും വര്‍ഷങ്ങളായി ഇടക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നെങ്കിലും കാര്യമാക്കിയില്ല. ഇതിനിടെ ആറ് മാസം മുമ്പ് പക്ഷാഘാതം വന്ന് വീട്ടില്‍ തളര്‍ന്നു വീണു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ശരീരത്തിന്റെ ഇടതു ഭാഗത്തെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു.

നൂറുദ്ദീൻ
Signature-ad

പരിശോധനക്കിടെ ഹൃദ്രോഗ ബാധിതനാണന്നും ശ്വാസകോശത്തില്‍ മുഴയുണ്ടന്നും കണ്ടെത്തി. ഹൃദയത്തില്‍ നിന്ന് തലച്ചോറിലേക്ക് രക്തം പമ്പു ചെയ്ത് എത്തുന്ന ഞരമ്പിന്റെ ചുരുക്കം മാറ്റാന്‍ ആദ്യം കഴുത്തില്‍ ശസ്ത്രക്രിയ നടത്തി. ജര്‍മ്മനിയില്‍ നിന്നെത്തിച്ച പ്രൂവിഷണ്‍ഡ് എന്ന പ്രത്യേക സംവിധാനം ഉപയോഗിച്ച് ശസ്ത്രക്രിയയുടെ സമയത്ത് വീണ്ടും പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത തീര്‍ത്തും ഒഴിവാക്കാനായിരുന്നു ഇത്. തുടര്‍ന്ന് ഹൃദയ ശസ്ത്രക്രിയയും ശ്വാസകോശത്തിലെ മുഴയും ഒരേ സമയം നീക്കം ചെയ്യുകയായിരുന്നു. ഒരാളില്‍ അത്യന്തം സങ്കീര്‍ണമായ ഈ മൂന്ന് ശസ്ത്രക്രിയകളും ഒരേ സമയം നടത്തുന്നത് അത്യപൂര്‍വമാണന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. രതീഷ് രാധാകൃഷ്ണന്‍ പറഞ്ഞു.

മൂന്ന് ശസ്ത്രക്രിയകളും ഒരു മാസത്തോളം നീണ്ട ഐ.സി.യു പരിചരണവുമടക്കം സ്വകാര്യ ആശുപത്രിയില്‍ 25 ലക്ഷത്തോളം രൂപ ചെലവു വരുന്ന ശസ്ത്രക്രിയക്ക് ഇവിടെ ഒരു രൂപ പോലും മുടക്കേണ്ടി വന്നില്ല. ഡോ. കെ.ടി ബിജു, ഡോ. എസ് ആനന്ദക്കുട്ടന്‍, ഡോ. എ. ഫൈസല്‍, അനസ്‌തേഷ്യാ വിഭാഗം മേധാവി ഡോ. അന്ന, ഡോ. ബ്രിജേഷ്, ഡോ. അശ്വതി, പെര്‍ഫ്യൂണിസ്റ്റ് പി.കെ ബിജു, അന്‍സു മാത്യു, അമല്‍, അനസ്‌തേഷ്യ ടെക്‌നീഷ്യന്‍മാരായ ടെസി, അഭിലാഷ്, നഴ്‌സുമാരായ രാജി, ഹസീന, ഹാര്‍ഷിദ്, ശില്‍പ്പ, രതീഷ്, സുരേഷ്, സുനിത, സുജ, ലീലാമണി എന്നിവരുള്‍പ്പെട്ട സംഘമാണ് ശസ്ത്രക്രിയയില്‍ പങ്കെടുത്തത്.

Back to top button
error: