IndiaNEWS

ജമ്മു കശ്മീര്‍ ഇരട്ട സ്ഫോടനക്കേസ്: പിടിയിലായ ലഷ്കറെ ത്വയിബ ഭീകരൻ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന്‍! കൈയിൽ അത്യാധുനിക പെർഫ്യൂം ബോംബ്

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഇരട്ട സ്ഫോടനക്കേസിൽ പിടിയിലായ ലഷ്കറെ ത്വയിബ ഭീകരൻ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന്‍. ജമ്മുവിലെ നർവാലിൽ കഴിഞ്ഞ മാസം 21ന് നടന്ന ഇരട്ട സ്ഫോടന കേസില്‍ പിടിയിലായ ആരിഫ് സര്‍ക്കാര്‍ ജീവനക്കാരനാണെന്ന് കശ്മീര്‍ ഡിജിപി ദിൽബാൽ സിംങ് പറഞ്ഞു. ഇയാളില്‍ നിന്നും അത്യാധുനിക പെർഫ്യൂം ബോംബും പിടിച്ചെടുത്തിരുന്നു. രാജ്യത്ത് തന്നെ ആദ്യമായാണ് അത്യാധുനിക പെർഫ്യൂം ബോംബ് പിടികൂടുന്നതെന്ന് ഡിജിപി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കുപ്പി തുറക്കാൻ ശ്രമിക്കുകയോ അമർത്തുകയോ ചെയ്താൽ സ്ഫോടനം നടക്കുന്ന രീതിയിലാണ് പെർഫ്യൂം ബോംബ് തയ്യാറാക്കിയിരുന്നത്. ഡ്രോൺ വഴിയാണ് ആരിഫിന് പെർഫ്യൂം ബോംബ് കിട്ടിയതെന്നാണ് പൊലീസ് കരുതുന്നത്. നിരപരാധികളെ ലക്ഷ്യമിട്ട് ജമ്മു മേഖലയിൽ വർഗീയ വിദ്വേഷം വളർത്തുകയായിരുന്നു ഭീകരന്‍റെ ലക്ഷ്യം എന്ന് ജമ്മു പൊലീസ് പറഞ്ഞു.

‘പിടിയിലായ ഷ്കറെ ത്വയിബ ഭീകരൻ ആരിഫ് കൃത്യമായ പരിശീലനം ലഭിച്ച ആളാണ്. സ്ഫോടനം നടന്നതിന് പിന്നാലെ എല്ലാ തെളിവുകളും ഇയാള്‍ നശിപ്പിച്ചിരുന്നു. രേഖകളും മറ്റ് വസ്തുക്കളുമെല്ലാം തീയിട്ട് നശിപ്പിച്ചു. എന്നാല്‍ അവശിഷ്ടങ്ങളില്‍ നിന്നും ലഭിച്ച ചെറിയ തെളിവുകളാണ് പ്രതിയിലേക്ക് പൊലീസിന് വഴികാട്ടിയായത്. ഇതിനായി ജമ്മു പൊലീസ് വളരെയധികം പരിശ്രമിച്ചെന്നും ഡിജിപി ദിൽബാൽ സിംങ് പറഞ്ഞു.

ജമ്മുവിലെ നർവാലിൽ കഴിഞ്ഞ മാസം 21ന് നടന്ന ഇരട്ട സ്ഫോടന കേസിലാണ് സർക്കാർ സ്കൂൾ അധ്യാപകനായ ആരിഫ് അഹമ്മദ് പിടിയിലായത് വൈഷ്ണോ ദേവി തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനത്തിലെ ബോംബ് സ്ഫോടനത്തിലടക്കം ആരിഫിന് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. പാകിസ്ഥാനിൽ കഴിയുന്ന രണ്ട് പേരുടെ നിർദ്ദേശം അനുസരിച്ചാണ് ആരിഫ് ആക്രമണം നടത്തിയതെന്ന് ജമ്മു കശ്മീർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനം നടന്ന് രണ്ടാഴ്ചക്കുള്ളിലാണ് ആരിഫിനെ പിടികൂടിയത്. നർവാൽ ഇരട്ട സ്ഫോടനത്തിൽ 9 പേർക്ക് പരിക്കേറ്റിരുന്നു.

Back to top button
error: