
വിജയ് നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘വാരിസ്’. വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. റിലീസ് ചെയ്‍ത് ദിവസങ്ങള്‍ ഇത്രയായിട്ടും ചിത്രം കാണാൻ ആള്‍ക്കൂട്ടങ്ങള്‍ എത്തുന്നുണ്ട്. എന്നാല്‍ വിജയ് നായകനായ ഹിറ്റ് ചിത്രം ഒടിടിയിലേക്ക് എത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു
ആമസോണ്‍ പ്രൈം വീഡിയോയില്‍ വിജയ് ചിത്രം ഫെബ്രുവരി 22ന് സ്‍ട്രീമിംഗ് തുടങ്ങുമെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിജയ്‍യുടെ നായികയായി രശ്‍മിക മന്ദാനയാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അച്ഛന്റെ കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രൻ’ എന്ന കഥാപാത്രത്തെയാണ് വിജയ് ‘വാരിസ്’ എന്ന സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ശരത് കുമാറാണ് നടന്റെ അച്ഛനായി ചിത്രത്തില്‍ എത്തുന്നത്. വിജയ് നായകനായ ‘വാരിസ്’ എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട് ‘വാരിസി’ന്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
ചിത്രത്തില്‍ പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വൻ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. എസ് തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ ‘രഞ്‍ജിതമേ’, ‘തീ ദളപതി’, ‘സോള്‍ ഓഫ് വാരിസ്’, ‘ജിമിക്കി പൊണ്ണ്’, ‘വാ തലൈവാ’ എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്ബോക്സ് റിലീസിന് മുന്നേ വൻ ഹിറ്റായിരുന്നു. പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലുമായി ഹരിപിക്ചേഴ്‍സ് ഇ ഫോർ എന്റർടെയ്ൻമെന്റ്, എയ്‍സ് എന്നിവർ ചേർന്നാണ് കേരളത്തിൽ വിജയ്‍യുടെ ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്.