KeralaNEWS

പരിശോധനകൾ നടത്താതെ ഹെൽത്ത് കാർഡ് നൽകിയ സംഭവം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ; ആര് തെറ്റ് ചെയ്താലും കർശന നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: പരിശോധനകൾ നടത്താതെ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ കൂടി അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരാണിവർ. സംഭവം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടറർക്ക് നിർദേശം നൽകിയിരുന്നു.

ജനറൽ ആശുപത്രിയിലെ ആർഎംഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സർജനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിന് പിന്നാലെയാണ് രണ്ട് പേരെക്കൂടി സസ്‌പെൻഡ് ചെയ്തത്. ഹെൽത്ത് കാർഡ് വിതരണത്തിൽ വീഴ്ചയുണ്ടായെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് സ്ഥിരീകരിച്ചിരുന്നു. ആര് തെറ്റ് ചെയ്താലും കർശന നടപടിയെടുക്കും. ഹെൽത്ത് കാർഡ് ഡിജിറ്റലിലേക്ക് മാറ്റുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മെഡിക്കൽ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ ഡിഎംഒമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡോക്ടർ ചെയ്തത് സമൂഹത്തോടുള്ള ദ്രോഹമെന്നും മന്ത്രി പറഞ്ഞു.

പരിശോധന പോലും നടത്താതെ പണം വാങ്ങി സർക്കാർ ഡോക്ടർ ഹെൽത്ത് കാർഡ് നൽകുന്നത് വാർത്തയായതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. പരിശോധനയില്ലാതെ സർട്ടിഫിക്കറ്റ് നൽകിയ തിരുവനന്തപുരം ജനറൽ ആശുപത്രി ആർഎംഒ ഡോ. അമിത് കുമാറിനെയാണ് ആദ്യം സസ്പെൻഡ് ചെയ്തത്. അമിത് കുമാറിൻറെ സസ്പെൻഷന് പുറമേ രജിസ്ട്രേഷൻ തൽക്കാലം റദ്ദാക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ്.

തട്ടിപ്പ് ബോധ്യപ്പെട്ടാൽ മെഡിക്കൽ കൗൺസിലിനെ അറിയിച്ച് രജിസ്ട്രേഷൻ തൽക്കാലം റദ്ദാക്കുന്ന നടപടി മറ്റ് ഡോക്ടർമാർക്കെതിരെയും ഉണ്ടാകും. ഒത്താശ ചെയ്ത പാസ് വിതരണക്കാരനെ പിരിച്ചുവിടാനാണ് തീരുമാനം. കാർഡ് അനുവദിച്ച ഡോക്ടറുടെ പേരും ബാർകോഡും ഉള്ള വിധത്തിൽ മുഴുവൻ ഹെൽത്ത് കാർഡുകളും ഡിജിറ്റലാക്കും. ഇതുവരെ നൽകിയ ഹെൽത്ത് കാർഡുകളിൽ മിക്കതും ഇതേരീതിയിൽ അട്ടിമറിക്കപ്പെട്ടിരിക്കാം എന്നതിനാൽ ഇക്കാര്യങ്ങൾ പ്രത്യേകം പരിശോധിക്കും. ജില്ലാതലത്തിൽ പരിശോധിക്കാൻ ഡിഎംഒമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Back to top button
error: