CrimeNEWS

ഭാര്യക്ക് ഭക്ഷണവും ശൗചാലയവും നിഷേധിച്ചു; നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരേ ഗുരുതര ആരോപണങ്ങള്‍

മുംബൈ: ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി നടന്റെ ഭാര്യയുടെ അഭിഭാഷകന്‍. തന്റെ കക്ഷിയായ ആലിയ സിദ്ദിഖിക്ക് നടനും കുടുംബവും ഭക്ഷണമോ ശൗചാലയമോ വിശ്രമിക്കാന്‍ കിടക്കയോ നല്‍കിയില്ലെന്ന് അഡ്വ.റിസ്വാന്‍ സിദ്ദിഖി പ്രസ്താവനയില്‍ പറഞ്ഞു. ആലിയയെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ സാധ്യമായതെല്ലാം അവര്‍ ചെയ്‌തെന്നും അഭിഭാഷകന്‍ ആരോപിച്ചു.

ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ് തന്റെ കക്ഷിയായ ആലിയക്കെതിരെ നവാസുദ്ദീന്‍ സിദ്ദിഖിയുടെ കുടുംബം ചുമത്തിയിരിക്കുന്നതെന്ന് അഡ്വ.റിസ്വാന്‍ സിദ്ദിഖിയുടെ പ്രസ്താവനയിലുണ്ട്. പോലീസിനെ ഉപയോഗിച്ച് ആലിയയെ അറസ്റ്റ് ചെയ്ത് ഭീഷണിപ്പെടുത്തുകയും എല്ലാ ദിവസവും വൈകിട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നതായും അഭിഭാഷകന്‍ പറയുന്നു.

Signature-ad

നവാസുദ്ദീന്‍ സിദ്ദിഖിയും കുടുംബവും കഴിഞ്ഞ ഒരാഴ്ചയായി ആലിയ സിദ്ദിഖിക്ക് ഭക്ഷണമോ കിടക്കയോ നല്‍കുകയോ ശൗചാലയം ഉപയോഗിക്കാനനുവദിക്കുകയോ ചെയ്തിട്ടില്ല. അവരെ നിരീക്ഷിക്കാന്‍ നിരവധി പുരുഷ കാവല്‍ക്കാരെ നിയോഗിച്ചിരിക്കുകയാണ്. കൂടാതെ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കൊപ്പം കഴിയുന്ന മുറിയില്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്. അഭിഭാഷകന്‍ തുടര്‍ന്നു. രണ്ടുദിവസം മുമ്പ് സമാനമായ കാര്യങ്ങള്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആലിയ ഉന്നയിച്ചിരുന്നു.

നടനും കുടുംബത്തിനുമെതിരേ പരാതി ഒപ്പിട്ടുവാങ്ങാന്‍ പോലും തന്നെ അനുവദിക്കുന്നില്ലെന്നും അഡ്വ. റിസ്വാന്‍ സിദ്ദിഖി പറയുന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യയ്‌ക്കെതിരേ നടന്റെ അമ്മ മെഹറുന്നീസ പോലീസില്‍ പരാതി നല്‍കിയത്. ഉപദ്രവിക്കണം എന്ന ഉദ്ദേശത്തോടെ മകന്റെ ഭാര്യ വീട്ടില്‍ എത്തുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് മെഹ്റുന്നിസയുടെ പരാതി. എന്നാല്‍, മെഹ്റുന്നിസയുടെ ആരോപണം ആലിയ തള്ളുകയായിരുന്നു.

2010 ലാണ് ആലിയയും നവാസുദ്ദീന്‍ സിദ്ദിഖിയും വിവാഹിതരാകുന്നത്. നടന്റെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. 2020-ല്‍ സിദ്ദിഖിയില്‍ നിന്നും ആലിയ വിവാഹ മോചനം തേടി. എന്നാല്‍, 2021-ല്‍ വിവാഹ മോചനത്തില്‍ ആലിയ പുനപരിശോധന നടത്തിയിരുന്നു.

 

Back to top button
error: