
മൂന്നാര്‍ ഗവ. ടീച്ചേഴ്സ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാം വർഷ ടി.ടി.സി വിദ്യാർഥിനി പാലക്കാട് കോഴിപ്പാറ സ്വദേശിനി ഇട്ടിയപ്പുറത്താർ പ്രിൻസി(21)യെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി ആൽവിനാണ് അറസ്റ്റിലായത്. പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ട്ട്ടാ 5 മണിക്കാണ് പ്രിൻസിയെ ആൽവിൻ കത്തികൊണ്ട് വെട്ടി തലയ്ക്ക് ഗുരുതരമായി പരിക്കേൽപ്പിച്ചത്. കോളജിൽ നിന്ന് ഹോസ്റ്റലിലേക്ക് പോകുന്ന വഴി നല്ലതണ്ണി റോഡിൽ വച്ചാണ് അക്രമണം നടന്നത്. വെട്ടേറ്റ് രക്തത്തിൽ പാതയോരത്ത് കിടന്നിരുന്ന പെൺകുട്ടിയെ വാഹന യാത്രികർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കഴുത്തിനു മുകളിലായി ഇടതുചെവിയിലും കവിളിലുമാണു വെട്ടേറ്റത്. പെൺകുട്ടി ടാറ്റാ ടീ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്
പെൺകുട്ടിയും അയൽവാസി ആൽവിനും തമ്മിൽ നേരത്തേ അടുപ്പത്തിലായിരുന്നു. എന്നാൽ, യുവാവിന്റെ സ്വഭാവദൂഷ്യം മൂലം സൗഹൃദത്തിൽനിന്നു പെൺകുട്ടി പിന്മാറുകയായിരുന്നുവത്രേ.
ആക്രമണശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പുലർച്ചെ രണ്ടു മണിയോടെ മൂന്നാറിൽ നിന്നു തന്നെ പോലീസ് പിടികൂടി. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി കണ്ടെത്തിയതിനേ തുടർന്ന് യുവാവിനെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെയും വെട്ടേറ്റ വിദ്യാർഥിനിയുടെയും ആരോഗ്യനില തൃപ്തികരമാണ്.