KeralaNEWS

കോഴിക്കോട് ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം, മൂന്നുപേർ അറസ്റ്റിൽ

   കോഴിക്കോട് കോവൂർ അങ്ങാടിക്ക് സമീപം മൂന്നുമാസമായി  ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിവന്ന സംഘത്തിലെ മൂന്നുപേർ പിടിയിൽ. പ്രധാന നടത്തിപ്പുകാരനായ വാവാട് കത്തലാംകുഴിയിൽ ടി പി ഷമീർ (29), സഹനടത്തിപ്പുകാരി കർണാടക വീരാജ്‌പേട്ട സ്വദേശിനി ആയിഷ എന്ന ബിനു (32), ഇടപാടുകാരനായ തമിഴ്‌നാട് കരൂർ സ്വദേശി വെട്രിശെൽവൻ (28) എന്നിവരെയാണ് മെഡിക്കൽകോളജ് പോലീസ് അറസ്റ്റ് ചെയ്തത്.

കൂടാതെ നേപ്പാൾ, തമിഴ്‌നാട് സ്വദേശിനികളായ രണ്ടുയുവതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. യുവതികളെ കോടതിയിൽ ഹാജരാക്കിയശേഷം മഹിളാമന്ദിരത്തിലേക്ക് മാറ്റി. കഴിഞ്ഞദിവസം നഗരത്തിലെ മസാജ് പാർലർ കേന്ദ്രീകരിച്ചുണ്ടായ അടിപിടിയിൽ ഇടപാടുകാരന്റെ ഫോൺ നഷ്ടപ്പെട്ട സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തെത്തുടർന്നാണ് പെൺവാണിഭകേന്ദ്രത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഈ കേസിലെ പ്രതികൾ ഫ്ളാറ്റിലെ നിത്യസന്ദർശകരാണ്.

ഇതരസംസ്ഥാനങ്ങളിൽനിന്ന് സ്ഥിരമായി പെൺവാണിഭകേന്ദ്രത്തിൽ യുവതികൾ എത്താറുണ്ടെന്നും ഇവിടെനിന്ന് ഇവരെ മറ്റു പല സ്ഥലങ്ങളിലേക്കും കൊണ്ടുപോകാറുണ്ടെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. ഝാർഖണ്ഡ്, ഒഡിഷ, ഉത്തരാഖണ്ഡ്, നേപ്പാൾ എന്നിവിടങ്ങളിൽനിന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ യുവതികളെ ഫ്ളാറ്റിലെത്തിച്ചാണ് ഇടപാട് നടത്തുന്നത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളജ് അസി.കമ്മിഷണർ കെ സുദർശൻ പറഞ്ഞു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: