BusinessKeralaNEWSTRENDING

സഹകരണ ബാങ്കുകളുടെ സ്വർണവായ്‌പാ നടപടി കാര്യക്ഷമമാക്കാൻ പുതിയ രീതി; ലേല നടപടിക്ക് ഉപസമതിയും

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ സ്വർണവായ്‌പ കാര്യക്ഷമമാക്കാൻ പുതിയ രീതി നടപ്പാക്കുന്നു. പണയസ്വർണത്തിന്റെ ലേല നടപടിക്ക്‌ പ്രസിഡന്റ്, സെക്രട്ടറി, രണ്ട്‌ ഭരണസമിതി അംഗങ്ങൾ, ഒരു മുതിർന്ന ജീവനക്കാരൻ എന്നിവർ അടങ്ങിയ ഉപസമിതി ഉണ്ടാക്കാനും സഹകരണ വകുപ്പ്‌ തീരുമാനിച്ചു. പണയത്തിലെ തിരിച്ചടവ് കൃത്യമാക്കാനും സംഘങ്ങളുടെ നഷ്ടം ഒഴിവാക്കാനുമാണ് നടപടി. ഇതുസംബന്ധിച്ച്‌ സഹകരണ വകുപ്പ്‌ ഉത്തരവിറക്കി.

സ്വർണവില ഇടിയുമ്പോൾ പണയവായ്‌പയിൽ നഷ്ടം ഉണ്ടായാൽ അത്‌ ശാഖാ മാനേജർ ഉപസമിതിയെ അറിയിക്കണം. കുറവ് നികത്തുന്നതിനാവശ്യമായ പണം അടയ്‌ക്കാനോ അധിക സ്വർണം ഈട്‌ നൽകാനോ വായ്‌പക്കാരനോട് ആവശ്യപ്പെടാം. നഷ്ടം നികത്താത്തപക്ഷം നോട്ടീസ് നൽകി 14 ദിവസത്തിനുള്ളിൽ പണയ ഉരുപ്പടി ലേലം ചെയ്യാനും ഉത്തരവിൽ പറയുന്നു. സാധാരണ ലേലത്തിന്‌ 14 ദിവസം സമയം അനുവദിച്ച്‌ വായ്‌പക്കാരന്‌ നോട്ടീസ് നൽകണം. കുടിശ്ശികയുടെ പകുതി അടച്ച ശേഷം ബാക്കി മുപ്പത്‌ ദിവസത്തിനുള്ളിൽ നൽകാമെന്ന്‌ രേഖാമൂലം അപേക്ഷിച്ചാൽ നടപടി മാറ്റാം. ബാക്കിത്തുക അടയ്‌ക്കുന്നില്ലെങ്കിൽ നോട്ടീസ്‌ നൽകി ലേലം ചെയ്യാം.

സ്വർണത്തിന്റെ ലേലത്തുക 30 ദിവസത്തെ ശരാശരി വിപണിവിലയുടെ 85 ശതമാനത്തിൽ കുറയരുത്‌. മൂന്ന് പേരില്ലെങ്കിൽ ലേലം മാറ്റിവയ്‌ക്കണം. രണ്ടുതവണ മാത്രമേ ലേലം മാറ്റാൻ പാടുള്ളൂ. മൂന്നാം തവണ സംഘത്തിന് ലേലം ഉറപ്പിക്കാം. കൃത്യവിലോപത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങളിൽ ചീഫ് എക്‌സിക്യൂട്ടീവിനൊപ്പം ഭരണസമിതിയും ഉത്തരവാദിയാകുമെന്നും പുതിയ ഉത്തരവിലുണ്ട്.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: