മുംബൈ: ലൈംഗിക അതിക്രമത്തിലെ അതിജീവിതയായ അഞ്ചുവയസ്സുകാരി പെൺകുട്ടിക്ക് തുടർ വിദ്യാഭ്യാസത്തിന് വേണ്ടി സാമ്പത്തിക പിന്തുണ നൽകി മുംബൈ പൊലീസ്. കുട്ടിയുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുംബൈ പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
മുംബൈയിലെ മദൻപുര പ്രദേശത്തെ സ്കൂൾ പരിസരത്ത് വെച്ചാണ് അഞ്ചുവയസ്സുകാരി ലൈംഗിക അതിക്രമം നേരിട്ടത്. പെൺകുട്ടിയെ അവളുടെ വീടിന് സമീപം ഉപേക്ഷിച്ച് കടന്നു കളഞ്ഞ 15 വയസ്സുകാരനെ പൊലീസ് മണിക്കൂറുകൾക്കകം പിടികൂടിയിരുന്നു. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.
ദരിദ്ര കുടുംബാംഗമാണ് പെൺകുട്ടി. അതിനാൽ പെൺകുട്ടിയുടെ പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് നാഗ്പദ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. ഉദ്യോഗസ്ഥരെല്ലാം ചേർന്ന് 1.11 ലക്ഷം രൂപ സമാഹരിക്കുകയും ചെയ്തു. കുട്ടിയുടെ പേരിൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുകയാണ് ഈ തുക. പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന് ഈ തുക ഉപകരിക്കും. കുട്ടിയുടെ വിദ്യാഭ്യാസത്തിന് വേണ്ടി മികച്ച സ്കൂൾ കണ്ടെത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.