CrimeNEWS

ബീഫ് കൈവശം വച്ചെന്നാരോപിച്ച് കർണാടകയിൽ ബജ്‍രംഗദൾ പ്രവർത്തകർ യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദിച്ചു

ബെം​ഗളൂരു: ബീഫ് കൈവശം വച്ചെന്നാരോപിച്ച് ബജ്‍രംഗദൾ പ്രവർത്തകർ യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദിച്ചു. കർണാടകയിലെ ചിക്കമഗളുരുവിലാണ് അതിക്രമം. ബീഫ് കൈവശം വച്ചെന്നാരോപിച്ച് അസമീസ് യുവാവിനെയാണ് തൂണിൽ കെട്ടിയിട്ട് ബജ്‍രംഗദൾ പ്രവർത്തകർ മർദിച്ചത്. സംഭവത്തെ തുടർന്ന് മൂന്ന് ബജ്‍രംഗദൾ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.

മുദി​ഗരെക്ക് സമീപത്തെ മുദ്രെമാനെയിലാണ് സംഭവം. ​ഗജിവുർ റഹ്മാൻ എന്ന യുവാവിനാണ് ക്രൂര മർദ്ദനമേറ്റത്. മുദ്രെമാനെ സ്വദേശികളായ നിതിൻ, അജിത്, മധു എന്നിവാണ് പ്രതികൾ. ​ഗജിവുർ റഹ്മാന്റ ഭാര്യ അലിസയുടെ പരാതിയിലാണ് കേസ്. പ്രതികളായ മൂന്ന് പേരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ബജ്റം​ഗ്ദൾ പ്രവർത്തകർ യുവാവിനെതിരെയും പരാതി നൽകി. ഗജിവുർ റഹ്മാനെതിരെയും പൊലീസ് ബീഫ് വിൽപനയ്ക്ക് കേസെടുത്തു. ഇയാളിൽ നിന്ന് 1400 രൂപ വിലവരുന്ന മാംസം പിടികൂടി. അസമീസ് യുവാവിൽ നിന്ന് പിടിച്ചെടുത്ത മാംസം പരിശോധിക്കാൻ എഫ്എസ്എൽ ലാബിലേക്ക് അയച്ചു. യുവാവിനെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കർണാടകയിൽ 2020ലാണ് കർശനമായ കന്നുകാലി കശാപ്പ് നിരോധന നിയമം കൊണ്ടുവന്നത്. എല്ലാ പ്രായത്തിലുമുള്ള പശുക്കൾ, പശുക്കുട്ടികൾ, കാളകൾ, 13 വയസ്സിന് താഴെയുള്ള എരുമകൾ എന്നിവയെ കശാപ്പ് ചെയ്യുന്നതും വാങ്ങുന്നതും വിൽക്കുന്നതും കൊണ്ടുപോകുന്നതും കച്ചവടം ചെയ്യുന്നതും നിയമം നിരോധിച്ചിരുന്നു. ഹാസൻ ജില്ലയിൽ 2022 ഓഗസ്റ്റിൽ പശുവിനെ കടത്തുന്നതിനിടെ ദളിത് യുവാവിനെ ബജ്‌റംഗ്ദൾ പ്രവർത്തകർ തടഞ്ഞുനിർത്തി ആക്രമിച്ചിരുന്നു. സഹോദരിയുടെ വീട്ടിൽ നിന്ന് സ്വന്തം വസതിയിലേക്ക് പശുവിനെ കൊണ്ടുപോകുമ്പോഴായിരുന്നു ആക്രമണവും അധിക്ഷേപവും.

 

Back to top button
error: