വനിതാ മേധാവിയുടെ ലൈംഗിക ഇഷ്ടങ്ങൾക്ക് വഴങ്ങാത്തതിനാൽ തന്റെ ജോലി പോയെന്ന വെളിപ്പെടുത്തലുമായി ഗൂഗിളിലെ മുന്‍ ജീവനക്കാരന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗൂഗിളിലെ മുന്‍ ഉദ്യോഗസ്ഥന്‍ റയാന്‍ ഓളോഹൻ തന്റെ ടീമിന്റെ മേധാവിയായിരുന്ന ടിഫനി മില്ലര്‍ക്കെതിരെ കോടതിയില്‍ പരാതി നൽകി.
2019 ഡിസംബറിലാണ് പരാതിക്കാധാരമായ സംഭവം നടക്കുന്നത്. അത്താഴവിരുന്നിനിടെ ടിഫനി മില്ലര്‍ തന്നെ ലൈംഗികമായ രീതിയില്‍ സ്പര്‍ശിച്ചു. ഏഷ്യന്‍ സ്ത്രീകളോടാണ് തനിക്ക് താല്‍പര്യമെന്ന് അവര്‍ക്കറിയാമെന്ന് പറഞ്ഞുവെന്നും റയാന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അവരുടെ വിവാഹ ജീവിതം അത്ര രസകരമല്ലെന്ന് പറഞ്ഞ് തന്റെ വയറില്‍ കൈകൊണ്ട് തടവി. ഈ സംഭവങ്ങളെല്ലാം നടന്നത് ചിക്കാഗോയിലെ ഫിഗ് ആന്റ് ഒലിവില്‍ നടന്ന കമ്പനി യോഗത്തിന്റെ ഭാഗമായി നടന്ന മദ്യ സല്‍ക്കാരത്തിനിടെയാണ്. തൊട്ടുപിന്നാലെ തന്നെ റയാന് ഫുഡ്, ബിവറേജസ് ആന്റ് റസ്റ്റോറന്റ്സിന്റെ മാനേജിങ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. ടിഫനിയായിരുന്നു ഈ ടീമിലെ സൂപ്പര്‍വൈസര്‍. താന്‍ വിവാഹിതനും ഏഴ് കുട്ടികളുടെ അച്ഛനുമാണ്. ടിഫനിയുടെ പെരുമാറ്റം സഹിക്കാവുന്നതിന് അപ്പുറമായിരുന്നു. ഇക്കാര്യം തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അറിയാമായിരുന്നെന്നും പരാതിയിൽ പറയുന്നു.
ഈ സംഭവത്തിൽ പിന്നീട് ടിഫനി മില്ലര്‍ ഇതില്‍ ക്ഷമാപണം നടത്തി. തുടര്‍ന്ന് പിന്നീടും ലൈംഗിക ചുവയോടെ അധിക്ഷേപിച്ചു. പാശ്ചാത്യ സ്ത്രീകളെയല്ല ഏഷ്യന്‍ സ്ത്രീകളെയാണ് ഇഷ്ടമെന്ന് കളിയാക്കികൊണ്ടിരുന്നുവെന്നും കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍, റയാന്‍ ഓളോഹന്റെ പരാതി പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്നും താന്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ടിഫനി മില്ലര്‍ പ്രതികരിച്ചു.