SportsTRENDING

ടി20 ക്രിക്കറ്റ്: വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യൻപെൺപടയ്ക്ക് എട്ട് വിക്കറ്റ് ജയം

കേപ്ടൗണ്‍: ത്രിരാഷ്ട്ര വനിതാ ടി20 ക്രിക്കറ്റ് പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. 95 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 13.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 39 പന്തില്‍ പുറത്താവാതെ 42 റണ്‍സ് നേടി ജമീമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹര്‍മന്‍പ്രീത് കൗര്‍ (23 പന്തില്‍ 23) പുറത്താവാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസിനെ മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയാണ് തകര്‍ത്തത്. പൂജ വസ്ത്രക്കറിന് രണ്ട് വിക്കറ്റുണ്ട്. ആറ് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. 34 റണ്‍സ് നേടിയ് ഹെയ്‌ലി മാത്യൂസിന് മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങാന്‍ സാധിച്ചത്.

ചെറിയ വിജയലക്ഷ്യത്തിലേക്ക ബാറ്റേന്തിയ ഇന്ത്യക്ക് സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ സ്മൃതി മന്ഥാനയെ (5) നഷ്ടമായി. മൂന്നാമതായി ക്രീസിലെത്തിയ ഹര്‍ലീന്‍ ഡിയോളിനും (13) തിളങ്ങാനായില്ല. ഇതോടെ രണ്ടിന് 41 എന്ന നിലയിലായി ഇന്ത്യ. എന്നാല്‍ വലിയ നഷ്ടങ്ങളില്ലാതെ ജമീമ- ഹര്‍മന്‍പ്രീത് സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 54 റണ്‍സ് കൂട്ടിചേര്‍ത്തു. ഷമിലിയ കൊന്നെല്‍, ഹെയ്‌ലി മാത്യൂസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ വിന്‍ഡീസ് തുടക്കത്തില്‍ തന്നെ തകര്‍ന്നു. സ്‌കോര്‍ബോര്‍ഡില്‍ 39 റണ്‍സുള്ളപ്പോള്‍ വിന്‍ഡീസിന് മൂന്ന് വിക്കറ്റ് നഷ്ടമായി. റഷാദ വില്യംസ് (8), ഷെമെയ്ന്‍ ക്യാപല്ലെ (0), ജനാബ ജോസഫ് (3) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഷാബിക ഗനാബി (12), സെയ്ദ ജെയിംസ് (പുറത്താവാതെ 21) എന്നിവരാണ് രണ്ടക്കംകണ്ട മറ്റുതാരങ്ങള്‍. ആലിയ അല്ലെയ്‌നെ (9)യാണ് പുറത്തായ മറ്റൊരു താരം. രാജേശ്വരി ഗെയ്കവാദ് ഒരു വിക്കറ്റും വീഴ്ത്തി.

ദക്ഷിണാഫ്രിക്കയാണ് പരമ്പരയിലെ മറ്റൊരു ടീം. അവര്‍ക്കൊപ്പം ഇന്ത്യയും നേരത്തെ ഫൈനല്‍ ഉറപ്പിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് നാല് മത്സരങ്ങളില്‍ 10 പോയിന്റാണുള്ളത്. ഇന്ത്യക്കെതിരായ ഒരു മത്സരത്തില്‍ അവര്‍ തോല്‍ക്കുകയും ചെയ്തിരുന്നു. നാല് മത്സരം പൂര്‍ത്തിയാക്കിയ ഇന്ത്യ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. ഇന്ത്യക്ക് 14 പോയിന്റുണ്ട്. ഫെബ്രുവരി രണ്ടിന് ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി.

ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 27 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. രണ്ടാം മത്സരത്തില്‍ വിന്‍ഡീസിനെ 56 റണ്‍സിനും തോല്‍പ്പിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം മത്സരം മോശം കാലാവസ്ഥയെ തുടര്‍ന്ന് മുടങ്ങിയിരുന്നു. മറുവശത്ത് വെസ്റ്റ് ഇന്‍ഡീസ് കളിച്ച മൂന്ന് മത്സരവും പരാജയപ്പെടുകയായിരുന്നു. നാല് മത്സരങ്ങളില്‍ 125 റണ്‍സ് നേടിയ വിന്‍ഡീസിന്റെ ഹെയ്‌ലിയാണ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതാരം.

Back to top button
error: