ചെന്നൈ: മുലപ്പാല്‍ ദാനം ചെയ്ത് 2022 ലെ ഇന്ത്യാ ബുക്ക് ഓഫ് റെക്കാഡില്‍ ഇടംനേടി തമിഴ്നാട്ടുകാരി. കോയമ്പത്തൂര്‍ സ്വദേശി ശ്രീവിദ്യയാണ് (27) ഏഴുമാസം കൊണ്ട് 105 ലിറ്റര്‍ മുലപ്പാല്‍ ദാനം ചെയ്തു മാതൃകയായത്. വിദ്യയുടെ മുലപ്പാല്‍ കൊണ്ട് ഇതുവരെ 2,500ല്‍പ്പരം കുട്ടികളാണ് വിശപ്പടക്കിയത്.
രണ്ടാമത്തെ കുഞ്ഞ് ജനിച്ച് അഞ്ചാമത്തെ ദിവസം മുതല്‍ ശ്രീവിദ്യ തന്റെ മുലപ്പാല്‍ ദാനം ചെയ്യാന്‍ ആരംഭിക്കുകയായിരുന്നു.ആവശ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് തന്റെ മുലപ്പാല്‍ നല്‍കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ എല്ലാ പിന്തുണയും തന്ന് കൂടെനിന്നത് ഭര്‍ത്താവ് ഭൈരവ് ആണെന്ന് ശ്രീവിദ്യ പറയുന്നു. പത്തുമാസം പ്രായമുള്ള മകളും നാലുവയസുകാരനായ മകനുമാണ് ദമ്പതികള്‍ക്ക്. ശ്രീവിദ്യ ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെ ഭൈരവ് ഇതുസംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്താന്‍ തുടങ്ങി. അങ്ങനെയാണ് ഒരു ഡോക്ടറുടെ സഹായത്തോടെ തിരുപ്പൂര്‍ ജില്ലയിലുള്ള അമൃതം എന്ന എന്‍.ജി.ഒയില്‍ ശ്രീവിദ്യ തന്റെ മുലപ്പാല്‍ ദാനം ചെയ്തു തുടങ്ങുന്നത്.
തുടര്‍ന്ന് എന്‍.ജി.ഒയുടെ നിര്‍ദേശപ്രകാരം ശ്രീവിദ്യ മുലപ്പാല്‍ ശേഖരിക്കുകയും ഇത് കോയമ്പത്തൂരിലുള്ള മുലപ്പാല്‍ ബാങ്കില്‍ സൂക്ഷിക്കുകയും ചെയ്തു. ഈ പാല്‍ അമ്മ മരണപ്പെട്ട നവജാതശിശുക്കള്‍ക്കും അമ്മമാര്‍ക്ക് മുലപ്പാല്‍ കുറവായിട്ടുള്ള കുഞ്ഞുങ്ങള്‍ക്കുമാണ് നല്‍കിയിരുന്നത്. തന്റെ മുലപ്പാല്‍ കോയമ്പത്തൂരിലെ മെഡിക്കല്‍ കോളേജിലും നല്‍കിയതായി ശ്രീവിദ്യ പറയുന്നു.
ആവശ്യത്തിന് മുലപ്പാല്‍ ലഭിക്കാത്തതിനാല്‍ ബുദ്ധിമുട്ടുന്ന അനേകം കുഞ്ഞുങ്ങളുണ്ട്. പ്രത്യേകിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത് പതിവ് കാഴ്ചയാണ്. ചില കുട്ടികളെ ഭാരക്കുറവുള്ളതിനാല്‍ ഇന്‍കുബേറ്ററുകളില്‍ മാറ്റുന്നു. ഇക്കാരണങ്ങള്‍ കൊണ്ടാണ് മുലപ്പാല്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്. കൂടുതല്‍ സ്ത്രീകള്‍ തങ്ങളുടെ മുലപ്പാല്‍ നല്‍കാന്‍ സന്നദ്ധരായി മുന്നോട്ടുവരണമെന്നും ശ്രീവിദ്യ പറഞ്ഞു.