IndiaNEWS

സുരക്ഷാ വീഴ്ചയെത്തുടർന്ന് നിർത്തി വച്ച ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു; രാഹുലിനൊപ്പം നടക്കാൻ മെഹബൂബ മുഫ്തിയും

ശ്രീനഗർ∙ സുരക്ഷാ വീഴ്ചയെ തുടർന്ന് കഴിഞ്ഞ ദിവസം നിർത്തിവച്ച ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു. അവന്തിപുരയിൽനിന്ന് പാംപോറിലേക്ക് 20 കിലോമീറ്ററാണ് ഇന്നു യാത്ര. പിഡിപി നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും രാഹുൽ ഗാന്ധിക്കൊപ്പം യാത്രയുടെ ഭാഗമായി. ഇന്നലത്തെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ ഇന്നത്തെ യാത്രയ്ക്കു വലിയ തോതിലുള്ള സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

യാത്ര കടന്നുപോകുന്ന റോഡിന് ഇരുവശത്തും ജമ്മു കശ്മീർ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിക്കു ചുറ്റും ‘ഡി’ ആകൃതിയിൽ വടംകൊണ്ട് വലയം സൃഷ്ടിച്ചു. ജമ്മു കശ്മീർ പൊലീസാണ് വടം നിയന്ത്രിക്കുന്നത്. ഇതിനായി കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ഈ വടത്തിനുള്ളിലാണ് സിആർപിഎഫിന്റെ സുരക്ഷ. കൂടുതൽ സിആർപിഎഫ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

Signature-ad

ഇന്നലെ രാവിലെ ജമ്മു കശ്മീരിലെ ബനിഹാലിൽ നിന്നാരംഭിച്ച യാത്ര 4 കിലോമീറ്റർ പിന്നിട്ട് ജവാഹർ തുരങ്കം കടന്നപ്പോൾ, സുരക്ഷാവലയം ഭേദിച്ചു ജനക്കൂട്ടം രാഹുൽ ഗാന്ധിക്കടുത്തേക്ക് ഇരച്ചെത്തുകയായിരുന്നു. രാഹുലിനു ചുറ്റും വടംകെട്ടി സുരക്ഷയൊരുക്കേണ്ട ജമ്മു കശ്മീർ പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ലെന്നു കോൺഗ്രസ് ആരോപിച്ചിരുന്നു. അതേസമയം, ഭാരത് ജോഡോ യാത്രയ്ക്കും സമാപന സമ്മേളനത്തിനും മതിയായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ജനുവരി 30ന് ശ്രീനഗറിലാണ് സമാപന സമ്മേളനം. സമ്മേളനത്തിലേക്കു വിവിധ പാർട്ടികളിലെ പ്രധാന നേതാക്കൾ പങ്കെടുക്കുന്നുണ്ട്.

അതേസമയം, സുരക്ഷാ വീഴ്ചയുണ്ടായെന്ന കോൺഗ്രസ് ആരോപണം ജമ്മുകാശ്മീർ പൊലീസ് നിഷേധിച്ചു. വലിയ ആൾക്കൂട്ടത്തെ യാത്രയിൽ ഉൾപ്പെടുത്തുന്നത് മുൻകൂട്ടി അറിയിച്ചില്ലെന്നും യാത്ര നിർത്തുന്നതിന് മുൻപ് ചർച്ച ചെയ്തില്ലെന്നുമാണ് ജമ്മു കാശ്മീർ പൊലീസ് പ്രതികരിച്ചത്. അതിനിടെ, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സുരക്ഷ പിൻവലിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് നാലിന് കെപിസിസിയുടെ പൊതുസമ്മേളനം നടത്തും. ജോഡോ യാത്രയ്ക്കും രാഹുൽ ഗാന്ധിയ്ക്കും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തുട നീളം മണ്ഡലം തലത്തിലാണ് പരിപാടി. ജനസ്വീകാര്യത കണ്ട് ഹാലിളകിയ ബിജെപി പദയാത്രയെ അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിന്‍റെ ഭാഗമായാണ് സുരക്ഷ പിന്‍വലിച്ചതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍ എംപി വിമര്‍ശിച്ചു.

Back to top button
error: