തൃശൂര്‍: ചാണകത്തിലൂടേയും ഗോമൂത്രത്തിലൂടേയും വലിയ രോഗങ്ങള്‍ പോലും മാറ്റാമെന്നു പ്രചരിപ്പിക്കുന്നവര്‍ ജനങ്ങളില്‍ അന്ധവിശ്വാസം അടിച്ചേല്‍പ്പിക്കുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഇന്ത്യ വളരെ മുമ്പേ വിമാനം കണ്ടുപിടിച്ചെന്ന അസംബന്ധം പ്രചരിപ്പിക്കാനും ശ്രമമുണ്ടെന്ന് ദക്ഷിണേന്ത്യന്‍ സ്‌കൂള്‍ ശാസ്ത്രമേള ഉദ്ഘാടനം ചെയ്യവേ അദ്ദേഹം വിമര്‍ശിച്ചു. പൗരന്മാര്‍ക്ക് ശാസ്ത്രബോധം വേണമെന്ന് ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ശാസ്ത്രചിന്ത വലിയ വെല്ലുവിളി നേരിടുകയാണ്. ഇന്ത്യയാണ് പൂജ്യം കണ്ടുപിടിച്ചത്. അതേസമയം വ്യാജ അവകാശവാദങ്ങള്‍ ചോദ്യംചെയ്യപ്പെടണം. ശാസ്ത്രത്തിന് പ്രാധാന്യം നല്‍കി കൊണ്ടുള്ള പാഠ്യപദ്ധതി പരിഷ്‌കരണമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ശാസ്ത്രാവബോധവും യുക്തിചിന്തയും പ്രധാനമാണെന്ന നിലപാടാണുള്ളത്. ഇതൊരു നിരന്തര പ്രവര്‍ത്തനമാക്കി മാറ്റേണ്ടതുണ്ട്. ഓരോ കുട്ടിയിലും ശാസ്ത്രാവബോധം വളര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ശാസ്ത്രത്തിന് മാത്രമേ ലോകത്തെ മുന്നോട്ട് നയിക്കാനാകൂ. ശൂന്യാകാശ ശാസ്ത്രത്തിലും നാനോ സയന്‍സിലും ഇനിയും മുന്നേറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുട്ടികളുടെ ഗവേഷണതാല്‍പര്യവും ശാസ്ത്രാഭിരുചിയും വളര്‍ത്താന്‍ ശാസ്ത്ര മേളകളിലൂടെ സാധിക്കുമെന്ന് അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രൂപ്പ്, വ്യക്തിഗത ഇനങ്ങള്‍ക്ക് പുറമെ അധ്യാപകര്‍ക്കായി പ്രത്യേക മത്സരങ്ങളും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കും.
രാസപ്രവര്‍ത്തനത്തിലൂടെ അഗ്നിയുണ്ടാക്കി അതില്‍ നിന്ന് ചിരാതിലേക്കു ദീപം തെളിയിച്ചാണ് ഉദ്ഘാടനച്ചടങ്ങ് നടത്തിയത്. ഏതാനും ശാസ്ത്രപരീക്ഷണങ്ങളും കുട്ടികള്‍ നടത്തി. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും കേന്ദ്ര സാംസ്‌കാരിക വിഭാഗത്തിനു കീഴിലെ ബംഗളൂരു വിശ്വേശരയ്യ ഇന്‍ഡസ്ട്രിയല്‍ മ്യൂസിയവും ചേര്‍ന്നാണ് ദക്ഷിണേന്ത്യന്‍ ശാസ്‌ത്രോത്സവം നടത്തുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി, തെലുങ്കാന എന്നീ ആറ് സംസ്ഥാനങ്ങളിലും നടത്തുന്ന സംസ്ഥാനതല ശാസ്ത്രമേളയില്‍ പങ്കെടുത്ത് ഉയര്‍ന്ന ഗ്രേഡ് നേടുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരുമാണ് പങ്കെടുക്കുന്നത്. ഇന്നു മുതല്‍ മത്സരങ്ങളും വിധി നിര്‍ണയവും നടക്കും. 31 നാണ് സമ്മാനദാനം.
ഗ്രൂപ്പ് എക്‌സിബിറ്റില്‍ 15 ടീമുകളും 30 വിദ്യാര്‍ഥികളും പങ്കെടുക്കും. വ്യക്തിഗത എക്‌സിബിറ്റില്‍ 20 ടീമുകള്‍ മത്സരിക്കുന്നു. ഒരു സംസ്ഥാനത്തില്‍ നിന്നു 100 പേരാണ് പങ്കെടുക്കുക. കേരളം ഉള്‍പ്പെടെ മറ്റു മൂന്നു സംസ്ഥാനങ്ങളില്‍ നിന്ന് 400 പേര്‍ പങ്കെടുക്കും. ടി.എന്‍. പ്രതാപന്‍ എം.പി, പി. ബാലചന്ദ്രന്‍ എം.എല്‍.എ, പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, വി.ഐ.ടി.എം ഡയറക്ടര്‍ കെ.എ. സാധന, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു, കാല്‍ഡിയന്‍ സിറിയന്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഡോ. ഒ.യു. ജീന്‍സി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മദനമോഹനന്‍, അഡീഷണല്‍ ഡി.ജി.ഇ: എം.കെ. ഷൈന്‍മോന്‍, ഡോ. എന്‍.ജെ. ബിനോയ്, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. എം. ശ്രീജ എന്നിവര്‍ പ്രസംഗിച്ചു.