വാഷിങ്ടൺ: റോഡ് കുറുകെ കടക്കുന്നതിനിടെ പൊലീസ് വാഹനം ഇടിച്ച് അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. ആന്ധ്രപ്രദേശിലെ കുർണൂൽ സ്വദേശിയായ 23 വയസുകാരി ജാൻവി കൻഡൂല ആണ് മരിച്ചത്. വാഷിങ്ടണിലെ സിയാറ്റിലിലാണ് സംഭവമുണ്ടായത്. റോഡ് കുറുകെ കടക്കുന്നതിനിടെ പൊലീസ് വാഹനം ജാൻവിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
സിയാറ്റിൽ ഡെക്‌സ്റ്റർ അവന്യൂ നോർത്തിനും തോമസ് സ്ട്രീറ്റിനും ഇടയിൽവച്ചാണ് ജാൻവിയെ പട്രോളിങ് വാഹനം ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ജാൻവിയെ പ്രഥമശുശ്രൂഷകൾ നൽകിയശേഷം ഉടൻ ഹാർബർവ്യൂ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നു സിയാറ്റിൽ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. ശരീരത്തിലേറ്റ ഒന്നിലധികം മാരക മുറിവുകളാണ് മരണകാരണം.
മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഉന്നത പഠനത്തിനായാണ് ജാൻവി അമേരിക്കയിൽ എത്തിയത്. സൗത്ത് ലേക്ക് യൂണിയനിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി ക്യാംപസ് വിദ്യാർഥിനിയായിരുന്നു. ഡിസംബറിലാണ് യൂണിവേഴ്സിറ്റിയിൽ ചേർന്നത്.