കൊച്ചി: വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ചിത്രമാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വര്‍ഷം നവംബർ 11നാണ് റിലീസ് ആയത്. തുടര്‍ന്ന് ചിത്രം ഒടിടി റിലീസായും എത്തി. അടിമുടി നെഗറ്റീവായ മുകുന്ദൻ ഉണ്ണി എന്ന വക്കീലിന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസൻ എത്തിയത്. ഇതിനാല്‍ തന്നെ ചിത്രത്തെ സംബന്ധിച്ച് ഏറെ ചര്‍ച്ചകളും സിനിമ രംഗത്തും സോഷ്യല്‍ മീഡിയയിലും നടക്കുന്നുണ്ട്.
ഇത്തരത്തില്‍ ചര്‍ച്ചയായ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റാണ് 90കളിലാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എടുക്കുന്നെങ്കില്‍ ആരായിരിക്കും അതിലെ കാസ്റ്റിംഗ് എന്നത്. സിനിഫില്‍ എന്ന ഫേസ്ബുക്ക് സിനിമ ചര്‍ച്ച ഗ്രൂപ്പില്‍ കൃഷ്ണ പ്രകാശ് എന്ന വ്യക്തിയാണ് ശ്രദ്ധേയമായ കാസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ താരങ്ങളുടെ വേഷത്തില്‍ 90 കളിലെ പ്രമുഖ താരങ്ങളെ അവതരിപ്പിക്കുകയാണ് കൃഷ്ണ പ്രകാശ്. ഇതില്‍ വിനീതിന്‍റെ വേഷം ചെയ്യുന്നത് ശ്രീനിവാസനാണ്. ആർഷ ചാന്ദിനിയുടെ വേഷത്തില്‍ ഉര്‍വശിയും, തന്‍വിയുടെ വേഷത്തില്‍ പാര്‍വതിയും, സുധികോപ്പയുടെ വേഷത്തില്‍ ജഗദീഷും ആണ്.
ഇതിനപ്പുറം പോസ്റ്റിന് രണ്ടായിരത്തോളം ലൈക്കാണ് ലഭിച്ചിരിക്കുന്നത്. മറ്റ് കഥാപാത്രങ്ങളെ പോസ്റ്റില്‍ പ്രതികരിച്ചവര്‍ നിര്‍ദേശിക്കുന്നുണ്ട്. ഡോ.സെബാട്ടിയായി ഇന്നസെന്‍റിനെയാണ് പലരും നിര്‍ദേശിക്കുന്നത്. സുരാജ് വെഞ്ഞാറന്‍മൂടിന്‍റെ ക്യാരക്ടറിലേക്ക് നെടുമുടിയെ പരിഗണിച്ചവരും ഉണ്ട്. തീയറ്ററില്‍ നന്നായി ഓടിയ ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്’ വിമൽ ഗോപാലകൃഷ്‍ണനും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിൽ, സുരാജ് വെഞ്ഞാറുംമൂട്, ആർഷ ചാന്ദിനി ബൈജു, സുധികോപ്പ, തൻവിറാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയൻ കാരന്തൂർ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
നിധിൻരാജ് ആരോളും സംവിധായകനും ചേർന്നാണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. നവാഗതനായ സിബിമാത്യു അലക്സ് ആണ് മുകുന്ദനുണ്ണി അസ്സോസിയേറ്റ്സിന്റെ സംഗീതം നിർവഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രദീപ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂക്കുന്നം, സൗണ്ട് ഡിസൈൻ- രാജകുമാർ.പി, ആർട്ട്- വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂംസ്- ഗായത്രി കിഷോർ, പിആർഒ: വൈശാഖ് സി. വടക്കേവീട്, മേക്ക്അപ്പ്- ഹസ്സൻ വണ്ടൂർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.