ബംഗളുരു: ഭര്‍ത്താവ് ആരോഗ്യവാനാണെങ്കില്‍ ഭാര്യയില്‍നിന്നു ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഭാര്യയോട് ജീവനാശം നല്‍കാന്‍ ആവശ്യപ്പെട്ടാല്‍ ഭര്‍ത്താവിന്‍റെ അലസതയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനു സമാനമാണെന്നും ജസ്റ്റിസ് എം. നാഗ പ്രസന്ന ചൂണ്ടിക്കാട്ടി. ഹിന്ദു വിവാഹനിയമത്തിലെ 24-ാം വകുപ്പ് പ്രകാരം ജീവനാംശം അനുവദിക്കാനുള്ള നിയമം ലിംഗനീതി വ്യക്തമാക്കുന്നതാണ്. എങ്കിലും വൈകല്യമോ അവശതയോ ഇല്ലാത്ത ഭര്‍ത്താവിന് അത് അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഭാര്യയിൽനിന്ന് തനിക്ക് ജീവനാംശവും കോടതിച്ചെലവും അനുവദിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് പരാമർശം. ഹർജി ഹൈക്കോടതി തള്ളി.
വിവാഹമോചിതയായ ഭാര്യയ്ക്ക് 10,000 രൂപ മാസം ജീവനാംശവും 25,000 രൂപ കോടതിചെലവും അനുവദിച്ചുകൊണ്ടുള്ള കുടുംബകോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്ത് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി. ബെംഗളൂരു റൂറൽ ജില്ലയിലെ സലുഹുനാസെ ഗ്രാമവാസിയായ ഹര്‍ജിക്കാരന്‍ ഭാര്യയിൽ നിന്ന് രണ്ട് ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടുള്ള തന്‍റെ അപേക്ഷ നിരസിച്ച, 2022 ഒക്ടോബർ 31 ലെ കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കോവിഡ്കാലത്ത് തന്റെ ജോലി നഷ്ടമായെന്നും രണ്ടുവര്‍ഷമായി ജോലിയില്ലാത്തയാളാണെന്നും ചൂണ്ടിക്കാട്ടി ഭാര്യയില്‍നിന്ന് തനിക്ക് ജീവനാംശവും കോടതിച്ചെലവും അനുവദിക്കണമെന്നാണ് ഇയാള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ഹര്‍ജിക്കാരന്‍ ആരോഗ്യമുള്ള ആളാണെന്നും വൈകല്യമോ ശാരീരിക ബുദ്ധിമുട്ടുകളോ അനുഭവിക്കുന്നില്ല എന്നും വ്യക്തമാണ്. അങ്ങനെയിരിക്കെ, ഭാര്യയുടെ കൈയിൽ നിന്ന് ഭർത്താവിന് ജീവനാംശം നൽകുകയാണെങ്കിൽ, ഹിന്ദു വിവാഹ നിയമത്തിലെ 24-ാം വകുപ്പ് ജീവനാംശം നൽകുന്നതിന് ലിംഗഭേദമില്ലാത്തതിനാൽ, അത് ഭര്‍ത്താവിന്‍റെ അലസതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് അഞ്ജു ഗാര്‍ഗ് / ദീപക് കുമാര്‍ ഗാര്‍ഗ് കേസിനെ ഉദ്ധരിച്ചുകൊണ്ട് കോടതി പറഞ്ഞു.