CrimeKeralaNEWS

ഗുണ്ടകൾക്കെതിരേ നടപടി കടുപ്പിച്ച് പോലീസ്; ഓംപ്രകാശിനും പുത്തൻപാലം രാജേഷിനുമെതിരേ ലുക്കൗട്ട് നോട്ടീസ് ഇറക്കും, സ്വത്ത് വിവരം തേടി രജിസ്‌ട്രേഷന്‍ ഐ.ജിക്കു കത്ത്

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരേ നടപടി കടുപ്പിച്ച് പോലീസ്. ഗുണ്ടാത്തലവൻമാരായ ഓംപ്രകാശിനും പുത്തൻപാലം രാജേഷിനുമെതിരേ ലുക്കൗട്ട് നോട്ടീസ് ഇറക്കും, സ്വത്ത് വിവരം തേടി രജിസ്‌ട്രേഷന്‍ ഐ.ജിക്കു കത്ത്. രാജേഷിന്റെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. ഇരുവരേയും ഏതുവിധേനയും പിടികൂടാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

പാറ്റൂരില്‍ ആക്രമണക്കേസില്‍ ഓംപ്രകാശിന്റെ കൂട്ടാളികളായ മൂന്ന് ഗുണ്ടകള്‍ കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു. ആരിഫ്, ആസിഫ്, ജോമോന്‍ എന്നിവരാണ് കീഴടങ്ങിയത്. ഇവര്‍ ജാമ്യ അപേക്ഷ നല്‍കിയിട്ടുണ്ട്. പാറ്റൂര്‍ ആക്രമണക്കേസിന് പിന്നാലെ ഒളിവിലായിരുന്ന ആസിഫും ആരിഫും നിരന്തരമായി സുഹൃത്തുക്കളെ വിളിച്ചിരുന്നു. സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്നു ആസിഫും ആരിഫും. ഡിവൈഎഫ്‌ഐ ശാസ്തമഗംലം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു ആരിഫ്. സിപിഎമ്മില്‍ നിന്നും പുറത്താക്കിയ ശേഷം രണ്ട് പേരും സിപിഐയിലെ സജീവ പ്രവര്‍ത്തകരാവുകയായിരുന്നു. ആരിഫ് പാറ്റൂര്‍ ആക്രമണം നടക്കുന്നതിന് മുമ്പും ഒളിവില്‍ പോയതിന് ശേഷവും സെക്രട്ടറിയേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥയേയും സിപിഐ നേതാവിന്റെ അടുത്ത ബന്ധുവിനെയും നിരന്തരമായി വിളിച്ചതായി കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. പോലീസ് – ഗുണ്ടാ ബന്ധം വിവാദമായതോടെ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടിയും ഊർജിതമാക്കിയിരുന്നു.

Back to top button
error: