IndiaNEWS

‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’; ബി.ബി.സി. ഡോക്യുമെന്ററി രണ്ടാം ഭാഗം സംപ്രേഷണം ഇന്ന്; കർശന നിരീക്ഷണവുമായി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമർശനങ്ങൾ അടങ്ങിയ ബി.ബി.സി. ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് സംപ്രേഷണം ചെയ്യും. ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയ സാഹചര്യത്തിലാണ് രണ്ടാംഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യാന്‍ ഒരുങ്ങുന്നത്. ഡോക്യുമെന്ററി കേന്ദ്രസർക്കാർ ഇന്ത്യയിൽ വിലക്കുകയും ചെയ്തിരുന്നു. രണ്ടാം ഭാഗത്തിന്റെ സംപ്രേഷണം കണക്കിലെടുത്ത് സമൂഹ മാധ്യമങ്ങളിലുൾപ്പെടെ കേന്ദ്രം നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ രണ്ടാംഭാഗത്ത് ഉണ്ടാകുമെന്നാണ് സൂചന. 2019ലെ തെരഞ്ഞെടുപ്പിൽ അടക്കം മോദി മുസ്ലീം വിരുദ്ധത സ്വീകരിച്ചുവെന്നും രണ്ടാംഭാഗത്തിൽ പറയുന്നതായി സൂചനയുണ്ട്. യു കെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടാണ് ഡോക്യുമെന്ററി പങ്കുവയ്ക്കുന്നത്. കേന്ദ്ര സർക്കാർ വിലക്കിയ ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കിയിട്ടുണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനെതിരേ കേന്ദ്രമന്ത്രി തന്നെ രംഗത്തെത്തിയിട്ടുണ്ട്.

കേന്ദ്ര സർക്കാർ വിലക്കിയ ഡോക്യുമെന്ററി കഴിഞ്ഞ ദിവസം ഹൈദരാബാദ് സർവകലാശാലയിൽ പ്രദർശിപ്പിച്ചിരുന്നു. ഇതിനെതിരേ എ.ബി.വി.പി. പരാതി നൽകിയിട്ടുണ്ട്. ഡോക്യുമെന്‍ററിയുടെ ആദ്യ ഭാഗം ഇന്ന് പ്രദര്‍ശിപ്പിക്കാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തീരുമാനിച്ചിരുന്നെങ്കിലും സര്‍വകലാശാല വിലക്കി. സമാധാനന്തരീക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്നും പ്രദര്‍ശിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍വകലാശാല മുന്നറിയിപ്പ് നല്‍കി. ഡോക്യുമെന്‍ററിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ശന നിരീക്ഷണത്തിലാണ്.

Back to top button
error: