KeralaNEWS

ക്വാറി, ക്രഷർ മേഖല കടന്നുപോകുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ, സർക്കാർ ഇടപെടൽ വേണം; ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം പ്രഖ്യാപനവുമായി ഉടമകൾ

കൊച്ചി: സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കേരളത്തിലെ ക്വാറി, ക്രഷർ മേഖല കടന്നു പോകുന്നതെന്നും സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ജനുവരി 31ന് ശേഷം അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ നിർബന്ധിതരാകുമെന്നും ചെറുകിട ക്വാറി ആൻഡ് ക്രഷർ അസോസിയേഷൻ ജനറൽ സെക്രട്ടറി എം കെ ബാബു പറഞ്ഞു. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് എസ് എസ് ക്യു എ ജനറൽ സെക്രട്ടറി സമര മുന്നറിയിപ്പ് നൽകിയത്. ലക്ഷങ്ങളും കോടികളും മുടക്കിയ നിരവധി ക്വാറികളും ക്രഷറുകളും സംസ്ഥാനത്ത് അടഞ്ഞു കിടക്കുകയാണ്. പ്രതിവർഷം 1500 കോടിയിലേറെ രൂപ സർക്കാരിന് വരുമാനം നൽകുന്ന ക്വാറി വ്യവസായികൾക്ക് സംരക്ഷണം നൽകാനുള്ള ബാധ്യത സർക്കാരിനുണ്ട്. മൂവായിരത്തിലേറെ ക്വാറികൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ എഴുന്നൂറോളം ക്വാറികൾ മാത്രമാണുള്ളത്. ഇവയിൽ ബഹുഭൂരിപക്ഷവും അടഞ്ഞു കിടക്കുകയാണ്. ക്വാറി ഉടമകൾ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയിലേക്ക് കേരളവും എത്തിയെന്നും എം കെ ബാബു പറഞ്ഞു.

മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും വ്യവസായത്തിന് അനുകൂലമായ നിലപാടെടുക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥതലത്തിൽ അതെല്ലാം അട്ടിമറിക്കപ്പെടുകയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തി. വിജിലൻസ് അന്വേഷണം പേടിച്ച് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ ഒരു ജോലിയും ചെയ്യുന്നില്ല. ഒരു ഫയലും ഒപ്പിടാൻ അവർ തയാറാകുന്നില്ല. മണ്ണിൻറെ മേജർ പ്രോജക്ടുകൾക്ക് പോലും കരിങ്കൽ ഉത്പന്നങ്ങൾ ലഭിക്കാത്ത സാഹചര്യമാണ്. വൻകിട പദ്ധതികൾകടക്കം സംസ്ഥാനത്തെ ഏഴോളം ജില്ലകളിൽ തമിഴ്‌നാട്, കർണാടകം തടുങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കരിങ്കൽ ഉത്പന്നങ്ങൾ വരുന്നത്. സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട റവന്യു വരുമാനമാണ് ഇതിലൂടെ നഷ്ടമാകുന്നത്. ശാസ്ത്രീയമായ പിൻബലമില്ലാത്ത ആരോപണങ്ങളാണ് ക്വാറികൾക്കെതിരെ ഉന്നയിക്കപ്പെടുന്നതെന്നും ഭാരവാഹികൾ ചൂണ്ടികാട്ടി. സംസ്ഥാനത്തെ ക്വാറികളെ കുറിച്ച് സത്യസന്ധമായ പഠനം നടത്താൻ തയാറാവണം. കോടതികളെ പോലും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. പരിസ്ഥിതിവാദം ഉയർത്തുന്ന പലരും വൻകിട ക്വാറികളുടെ ബിനാമികളാണ്. അടുത്തിടെ മണ്ണിടിച്ചിൽ ഉണ്ടായ ഒരു സ്ഥലത്തും ക്വാറികൾ പ്രവർത്തിക്കുന്നില്ല. മറിച്ചാണെന്ന് തെളിയിച്ചാൽ ഈ വ്യവസായം ഉപേക്ഷിക്കാൻ തയാറാണെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

ബാങ്ക് ലോൺ പോലും തിരിച്ചടയ്ക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ചെറുകിട ക്വാറി, ക്രഷർ വ്യവസായികൾ. സംസ്ഥാനത്ത് 40 ലക്ഷത്തോളം ആളുകളാണ് പ്രത്യക്ഷമായി ക്വാറി മേഖലയെ ആശ്രയിച്ച് കഴിയുന്നത്. ക്വാറികളും ക്രഷറുകളും തുറന്നു പ്രവർത്തിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും 31 ന് കൊച്ചിയിൽ ചേരുന്ന സംസ്ഥാന സമ്മേളനം ഭാവി പരിപാടികൾ തീരുമാനിക്കുമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി എം കെ ബാബു, പ്രസിഡന്റ് ഷെരീഫ് പുത്തൻപുര, നേതാക്കളായ പൗലോസ്‌കുട്ടി, മൂവാറ്റുപുഴ മനീഷ് പി മോഹനൻ, ശങ്കർ ടി ഗണേഷ്, സാബു വർഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചെറുകിട ക്വാറി ആൻഡ് ക്രഷറർ അസോസിയേഷൻ സംസ്ഥാന സമ്മേളനം ജനുവരി 31 രാവിലെ 10 മണിക്ക് ബോൾഗാട്ടി പാലസിൽ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്നും പരിസ്ഥിതി സെമിനാർ മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും വ്യവസായ സെമിനാർ സന്തോഷ് ജോർജ് കുളങ്ങരയും ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.

Back to top button
error: