KeralaNEWS

ദേശീയ ബാലികാ ദിനാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

തിരുവനന്തപുരം: ദേശീയ ബാലികാ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. പോഷ് കംപ്ലയന്‍സ് പോര്‍ട്ടല്‍ ഉദ്ഘാടനം, ലിംഗാവബോധ വീഡിയോ പ്രകാശനം, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തിലുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് പ്രകാശനം, ഉണര്‍വ് പദ്ധതി പ്രഖ്യാപനം, പോക്‌സോ സര്‍വൈവറേസ് പ്രൈമറി അസസ്‌മെന്റ് പ്രോജക്ട് പ്രഖ്യാപനം, പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ സാധ്യത പഠനം പ്രഖ്യാപനം, കുട്ടികളിലെ ലിംഗാനുപാതത്തിലെ കുറവ് സംബന്ധിച്ച പഠനം പ്രഖ്യാപനം, ഏര്‍ളി മാര്യേജ് പഠനം പ്രഖ്യാപനം, സിറ്റ്വേഷണല്‍ അനാലിസിസ് ഓഫ് വിമന്‍ ഇന്‍ കേരള എന്ന വിഷയത്തിലെ പഠന പ്രഖ്യാപനം എന്നിവയും ഇതോടൊപ്പം നടക്കും.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോഷ് ആക്ട് ഫലപ്രദമായി നടപ്പിലാക്കുന്നതിനാണ് പോഷ് കംപ്ലയന്‍സ് പോര്‍ട്ടല്‍ സജ്ജമാക്കിയിരിക്കുന്നത്. ഗാര്‍ഹിക പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണവും നിയമസഹായവും വൈദ്യ സഹായവും നല്‍കുന്ന പ്രൊവൈഡിംഗ് സെന്ററുകള്‍, ഷെല്‍ട്ടല്‍ ഹോമുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചാണ് ഉണര്‍വ് പദ്ധതി നടപ്പിലാക്കുന്നത്. പോസ്‌കോ അതിജീവിതരായ കുട്ടികളുടെ മാനസികാഘാതം ലഘൂകരിച്ച് പിന്തുണ നല്‍കുന്നതിനാണ് പോക്‌സോ സര്‍വൈവേഴ്‌സ് പ്രൈമറി അസസ്‌മെന്റ് പ്രോജക്ട് നടപ്പിലാക്കുന്നത്. പ്രസവാനന്തര വിഷാദ രോഗത്തിന്റെ തീവ്രത കണ്ടെത്തുന്നതിനാണ് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ സാധ്യത പഠനവും പ്രഖ്യാപനവും. സമൂഹത്തില്‍ പെണ്‍കുട്ടികള്‍ക്കും തുല്യാവകാശമെന്ന ലക്ഷ്യപ്രാപ്തി നേടുക എന്ന ഉദ്ദേശ്യത്തോടെയാണ് എല്ലാ വര്‍ഷവും ജനുവരി 24 ന് ദേശീയ ബാലികാദിനമായി ആചരിക്കുന്നത്.

 

Back to top button
error: