HealthKeralaLIFENEWS

നോറോ വൈറസ്: ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്; പ്രതിരോധവും തക്ക സമയത്ത് ചികിത്സയും അനിവാര്യം

റണാകുളം കാക്കനാട്ടെ സ്കൂളിലുള്ള വിദ്യാർത്ഥികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ച സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്. കൂടുതൽ കുട്ടികളിലേക്ക് പകരാതിരിക്കാൻ ക്ലാസുകൾ ഓൺലൈൻ ആക്കി. രോഗബാധ ഉള്ള കുട്ടികൾ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സ്കൂളിൽ നിന്നല്ല രോഗ ഉറവിടമെന്നാണ് നിഗമനം. പ്രതിരോധ നടപടികളെടുക്കാൻ സ്കൂളിന് ആരോഗ്യ വകുപ്പ് നിർദേശങ്ങൾ നൽകി. വൈറസ് ബാധയുള്ള കുട്ടി സ്കൂളിൽ വന്നതാണ് മറ്റു കുട്ടികൾക്ക് പകരാൻ കാരണമെന്നാണ് നിഗമനം. തുടക്കത്തില്‍തന്നെ ശരിയായ ചികിത്സ നല്‍കിയാല്‍ ഈ രോഗം വളരെ വേഗത്തില്‍ ഭേദമാകുന്നതാണ്.  വൈറസ് ബാധ ഛർദ്ദിയും അതിസാരവുമാണ് രോഗികളിൽ ഉണ്ടാക്കുക. ഛർദ്ദിക്കും അതിസാരത്തിനും പുറമേ മനംമറിച്ചിൽ, വയർ വേദന, ഉയർന്ന പനി, തലവേദന, കൈകാൽ വേദന എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. നോറോ വൈറസിനെക്കുറിച്ച് അറിയാം:

എന്താണ് നോറോ വൈറസ്? 

Signature-ad

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്‍റെയും കുടലിന്‍റെയും ആവരണത്തിന്‍റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

പകരുന്നതെങ്ങനെ

പഠനങ്ങള്‍ പറയുന്നതനുസരിച്ച് നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പ്രധാനമായും പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഈ രോഗം പടരും. രോഗ ബാധിതനായ വ്യക്തിയുടെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും ഈ വൈറസ് പടരും.

ലക്ഷണങ്ങള്‍

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ കഠിനമായാല്‍ നിര്‍ജലീകരണം സംഭവിക്കുകയും രോഗി ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യും.

വൈറസ് ബാധിച്ചാല്‍ എന്ത് ചെയ്യണം? 

നോറോ വൈറസ് ബാധിതര്‍ക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കാം. ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ ധാരാളം കുടിയ്ക്കണം. രോഗിയുടെ അവസ്ഥ മോശമായാല്‍ ഉടന്‍തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസംകൂടി ഈ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.

Back to top button
error: