KeralaNEWSSocial MediaTRENDING

“വഴിയരികിലെ ഫ്ലക്സുകളിലല്ല ജനഹൃദയങ്ങളിലെ ഫ്ലക്സുകളാണ് പ്രധാനം”; ആലപ്പുഴ മെഡി. കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തിനു വിളിക്കാത്തതിനെതിരെ സുധാകരന്റെ ഫേസ്ബുക് പോസ്റ്റ്‌ 

ആലപ്പുഴ: ആലപ്പുഴ മെഡി. കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തിനു വിളിക്കാത്തതിനെതിരെ സി പി എം നേതാവ് ജി. സുധാകരന്റെ ഫേസ്ബുക് പോസ്റ്റ്‌.നിർമ്മാണത്തിനായി ആദ്യവസാനം നിന്നവരെ ഒഴിവാക്കേണ്ടിയിരുന്നില്ലെന്നാണ് ജി സുധാകരന്‍റെ വിമര്‍ശനം. പുതിയ ബ്ലോക്കിനായി ആദ്യവസാനം മുന്നിൽ നിന്നയാളാണ് ഞാൻ. എന്നെ ഓർക്കാതിരുന്നതിൽ പരിഭവമില്ലെന്നും വഴിയരികിലെ ഫ്ലക്സുകളിലല്ല ജനഹൃദയങ്ങളിലെ ഫ്ലക്സുകളാണ് പ്രധാനമെന്നും ജി സുധാകരൻ ഫേസ്ബുക്കില്‍ കുറിച്ചു.

ചരിത്ര നിരാസം ചില ഭാരവാഹികൾക്ക് ഏറെ ഇഷ്ടപ്പെട്ട മാനസിക വ്യാപാരമാണ്. അതു കൊണ്ട് ചരിത്രം ഇല്ലാതാകുന്നില്ലെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കെ കെ ശൈലജയേയും ഉൾപ്പെടുത്താമായിരുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ജി സുധാകരൻ കുറിച്ചു. ഇന്ന് വൈകിട്ട് മുഖ്യമന്ത്രി ആണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നത്. പുന്നപ്ര സ്‌കൂളിന്‍റെ ഉദ്ഘാടന നോട്ടീസിൽ നിന്നും ജി. സുധാകരന്‍റെ പേര്‌ ഫോട്ടോഷോപ്പിലൂടെ എച്ച് സലാം എംഎല്‍എയുടെ ഓഫീസ് നീക്കം ചെയ്തത് വിവാദമായിരുന്നു.

Signature-ad

തുടക്കം മുതല്‍ കെട്ടിടത്തിന് വേണ്ടി പ്രവര്‍ത്തിട്ട കെ സി വേണുഗോപാല്‍ എംപിയെ നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ നിന്നൊഴിവാക്കിയത് കോണ്‍ഗ്രസിനെയും ചൊടിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ പല മന്ത്രിമാരും എംഎല്‍എമാരും ഇതിനായി പ്രയത്നിച്ചിട്ടുണ്ടെന്നും എല്ലാവരെയും വിളിക്കുന്ന കാര്യം നടപ്പില്ലെന്നുമാണ് സിപിഎമ്മിന്‍റെ മറുപടി.

ആറ് നിലകളിലായി ഒമ്പത് സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍, എട്ട് മോഡുലാര്‍ ഓപ്പറേഷന്‍ തിയ്യറ്ററുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് മെഡിക്കൽ കോളേജിൽ ഒരുക്കിയത്. എല്ലാ ദിവസവും ശസത്രക്രിയ സൗകര്യമുണ്ട്. അത്യാധുനിക സിടി സ്‌കാന്‍, കാത്ത് ലാബ്, ഡിജിറ്റല്‍ എസ്‌ക്‌റേ യൂണിറ്റ് എന്നിവ വേറെയും. പത്ത് വർഷം ജനം കാത്തിരുന്ന കെട്ടിടം ഇന്ന് തുറന്നുകൊടുക്കുകയാണ്. ഈ സമയത്താണ് രാഷ്ട്രീയ നേതാക്കൾ വിഴുപ്പക്കലക്കുന്നത്.

Back to top button
error: