KeralaNEWS

കുഴിയില്‍വീണ യുവാവിനെ രക്ഷിച്ചില്ല; എസ്.ഐ.ക്കെതിരേ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട്: കുഴിയില്‍ വീണനിലയില്‍ കണ്ടെത്തിയ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ തയ്യാറാകാതിരുന്ന സബ് ഇന്‍സ്‌പെക്ടറുടെ പേരില്‍ വകുപ്പുതല നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. 2019 സെപ്റ്റംബര്‍ 26- ന് ബാലുശ്ശേരി എസ്.ഐയായിരുന്ന വിനോദിന്റെ പേരില്‍ നടപടിയെടുക്കാനാണ് ഉത്തരവ്.

എസ്.ഐയുടെ ഭാഗത്ത് ഗുരുതരമായ പിഴവുണ്ടെന്ന് കമ്മിഷന്‍ അന്വേഷണ വിഭാഗം കണ്ടെത്തി. മാനുഷികമായ സമീപനമുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ, വിപിന്‍രാജ് രക്ഷപ്പെടുമായിരുന്നുവെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ രണ്ടുമാസത്തിനകം അറിയിക്കണമെന്നും ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ബാലുശ്ശേരി ബസ്സ്റ്റാന്‍ഡിന് സമീപമുള്ള കെട്ടിടത്തിലാണ് ഉണ്ണികുളം എം.എം. പറമ്പ് സ്വദേശി വിപിന്‍രാജ് അപകടത്തില്‍പ്പെട്ടത്.

നിര്‍മാണത്തിലുള്ള കെട്ടിടത്തിന്റെ ലിഫ്റ്റ് സ്ഥാപിക്കേണ്ട കുഴിയിലേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു. രാത്രി ഫോണില്‍ സംസാരിച്ചുകൊണ്ട് കെട്ടിടത്തിലേക്ക് കയറിയപ്പോഴായിരുന്നു അപകടം. ബാലുശ്ശേരി പോലീസ് ഉടന്‍ സ്ഥലത്തെത്തിയെങ്കിലും വെള്ളക്കെട്ടില്‍ കമിഴ്ന്നുകിടക്കുന്ന നിലയില്‍ക്കണ്ട വിപിന്‍ രാജിനെ രക്ഷപ്പെടുത്താന്‍ എസ്.ഐ. വിനോദ് തയ്യാറായില്ല. അവിടെ കൂടിയിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ വിലക്കുകയും ചെയ്തു. വിപിന്‍രാജിന്റെ അമ്മ പ്രസന്നകുമാരി നല്‍കിയ പരാതിയിലാണ് നടപടി.

Back to top button
error: