ഇസ്ലാമാബാദ്: ഭീകരസംഘടനകളുമായുള്ള ബന്ധം നിഷേധിച്ച് ലഷ്‌കറെ തോയ്ബ ഉപമേധാവിയും ആഗോളഭീകരനുമായ അബ്ദുള്‍ റഹ്മാന്‍ മക്കി. പാക് ജയിലില്‍നിന്നാണ് മക്കിയുടെ വീഡിയോ പുറത്തുവന്നത്. ആഗോള ഭീകര സംഘടനകളായ ഇസ്ലാമിക് സ്‌റ്റേറ്റുമായോ(ഐ.എസ്) അല്‍ ക്വയ്ദയുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വീഡിയോയില്‍ മക്കി അവകാശപ്പെടുന്നു. നിലവില്‍ ലാഹോറിലെ കോട് ലഖ്പത് ജയിലിലാണ് മക്കിയുള്ളത്.
ഇന്ത്യാ സര്‍ക്കാര്‍ നല്‍കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തന്നെ ആഗോള ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് മക്കി ആരോപിച്ചു. താന്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ല. ആഗോള ഭീകരന്‍മാരായ ഒസാമ ബിന്‍ ലാദനെയോ അയ്മാന്‍ അല്‍ സവാഹിരിയെയോ അബ്ദുള്ള അസമിനെയോ ഒരിക്കല്‍പോലും താന്‍ കണ്ടിട്ടില്ലെന്നും മക്കി അവകാശപ്പെട്ടു. അതേസമയം, മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് യാതൊന്നും പരാമര്‍ശിക്കാന്‍ മക്കി തയാറായിട്ടില്ല.
ഹാഫിസ് സയിദ് 2019-ല്‍ 35 വര്‍ഷത്തേക്കു ജയിലില്‍ അടയ്ക്കപ്പെട്ടതോടെയാണു മക്കി ലഷ്‌കറെ തോയ്ബയുടെ നേതൃത്വം ഏറ്റെടുത്തത്. ലഷ്‌കറെ/ജമാഅത്ത് ഉദ്ദവ നേതാവായിരുന്ന സയിദിനെ 2008-ലെ മുംബൈ ഭീകരാക്രമണത്തേത്തുടര്‍ന്ന് യു.എന്‍. രക്ഷാസമിതി ആഗോളഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന്, ഇയാള്‍ പാകിസ്താനില്‍ വീട്ടുതടങ്കലിലായി. 2000 ഡിസംബര്‍ 22-നു ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ആറ് ലഷ്‌കറെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഉള്‍പ്പെടെ മക്കിക്കു പങ്കുണ്ടെന്നു യു.എന്‍. ഉപരോധസമിതി ചൂണ്ടിക്കാട്ടി. ചെങ്കോട്ട വെടിവയ്പ്പില്‍ സാധാരണ പൗരനുള്‍പ്പെടെ മൂന്നുപേരാണു കൊല്ലപ്പെട്ടത്. ഹാഫിസ് എന്ന സ്ഥാനപ്പേരിനു പുറമേ, ജമാഅത്ത് ഉദ്ദവയുടെ നായിബ് അമീര്‍ പദവിയും മക്കി വഹിച്ചിരുന്നു. വര്‍ഷംതോറും ഫെബ്രുവരി അഞ്ചിനു പാകിസ്താനില്‍ ആചരിക്കുന്ന ”കശ്മീര്‍ ഐക്യദാര്‍ഢ്യദിന” റാലിയിലെ സ്ഥിരം പ്രാസംഗികനാണ് ഇയാള്‍.