തൊടുപുഴ: ഇടുക്കിയിലെ കുട്ടിക്കാനം കട്ടപ്പന മലയോര ഹൈവേയുടെ നിർമ്മാണ സാമഗ്രഹികൾ വ്യാപകമായി മോഷണം പോകുന്നുതായി പരാതി. സുരക്ഷക്കായി സ്ഥാപിക്കേണ്ട ക്രാഷ് ബാരിയറുകളും അനുബന്ധ സാധനങ്ങളുമാണ് രാത്രികാലങ്ങളിൽ മോഷ്ടിച്ചു കൊണ്ടു പോകുന്നത്. മലയോര ഹൈവേയുടെ കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള ഒന്നാം ഘട്ട നിർമ്മാണം അവസാന ഘട്ടത്തിലാണ്. റോഡിന്റെ വശങ്ങളിൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്.
കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള ഭാഗത്തെ കൊടും വളവുകളിലും മറ്റ് അപകട സാദ്ധ്യതയുള്ള ഭാഗങ്ങളിലും ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുകയാണിപ്പോൾ. ഇത് നിർമ്മിക്കുന്നതിനായി റോഡരികിൽ സൂക്ഷിച്ചിരിക്കുന്ന ഉപകരണങ്ങളും നിർമ്മിച്ച സാധനങ്ങളും ഉൾപ്പെടെയാണ് മോഷണം പോകുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ പലതവണ സാധനങ്ങൾ കടത്തികൊണ്ടുപോയി. ഗുജറാത്തിൽ നിന്നും റോഡ് മാർഗമാണ് ക്രാഷ് ബാരിയറുകൾക്കും മറ്റുമുള്ള സാധനങ്ങൾ എത്തിക്കുന്നത്.
രണ്ട് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ ഇതിനകം മോഷണം പോയതായാണ് പ്രാഥമിക കണക്ക്. കോൺക്രീറ്റ് മിശ്രിതം ഗുണനിലവാര പരിശോധനക്കായി സൂക്ഷിക്കുന്ന കാസ്റ്റ് അയൺ കൊണ്ട് നിർമ്മിച്ച 25 ഓളം ക്യൂബുകളും മോഷണം പോയതയാണ് പരാതി. റോഡിൽ അപായ മുന്നറിയിപ്പ് നൽകാൻ താൽകാലികമായി സ്ഥാപിച്ചിരിക്കുന്ന ബോർഡുകളും മോഷ്ടിക്കുന്നുണ്ട്. സംഭവുമായി ബന്ധപ്പെട്ട കരാർ കമ്പനി പീരുമേട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.