തിരുവനന്തപുരം: ബൈക്കിലെത്തി സ്ത്രീകളില്‍നിന്നു പിടിച്ചുപറി നടത്തുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍. പൂവാറിലാണ് സംഭവം. കരുംകുളം പുതിയതുറ പുരയിടം വീട്ടില്‍ ഷാജിയെയാണ് (19) കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയായ വിഴിഞ്ഞം സ്വദേശി വര്‍ഗീസിനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. ഒരാഴ്ചക്കിടെ മൂന്ന് പേരെയാണ് ഇവര്‍ കൊള്ളയടിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെ 11.30 ഓടെ വഴിയാത്രക്കാരി കരിച്ചല്‍ ചാവടി സ്വദേശി ഉഷയുടെ 2500 രൂപയും മൊബൈല്‍ ഫോണ്‍ അടങ്ങിയ പേഴ്‌സും മോഷ്ടിക്കപ്പെട്ടു. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെ കരിച്ചല്‍ സ്വദേശിയായ 82 വയസുകാരന്‍ സാമുവലും വെള്ളിയാഴ്ച കൊള്ളയടിക്കപ്പെട്ടു.
തിങ്കളാഴ്ച വൈകിട്ട് കോട്ടുകാല്‍ പുന്നവിള മാവിള വീട്ടില്‍ യശോദ (65) ബാങ്കില്‍ നിന്ന് വീണ്ടെടുത്ത നാല് പവന്റെ പണയാഭരണവും 9,000 രൂപയും മൊബൈല്‍ ഫോണ്‍ അടങ്ങിയ പേഴ്‌സും ഇവര്‍ കവര്‍ന്നിരുന്നു. സി.സി. ടിവി ഇല്ലാത്ത വിജനമായ പ്രദേശമാണ് ഇവര്‍ ഓപ്പറേഷന്
തെരഞ്ഞെടുക്കുന്നത്. പോലീസ് അന്വേഷണത്തിനിടെ സംശയകരമായി കണ്ട പ്രതിയെ അക്രമത്തിനിരയായ ഒരാള്‍ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്. ഷാജിയെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവത്തിന്‍െ്‌റ ചുരുളഴിച്ചത്.